ഒഫീഷ്യൽ പോസ്റ്ററുകളിൽ ബീസ്റ്റും കെജിഎഫ് 2വും ഒന്നിക്കുന്നു; ആവേശത്തിൽ ആരാധകർ…

രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ക്ലാഷ് റിലീസിന് കളം ഒരുങ്ങുന്ന ആവേശത്തിൽ ആണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ. യഷ് നായകൻ ആകുന്ന ‘കെജിഎഫ് ചാപ്റ്റർ 2’വും ദളപതി വിജയുടെ ‘ബീസ്റ്റും’ ആണ് ഏപ്രിൽ മൂന്നാം ആഴ്ചയിൽ ഒരു ദിവസത്തെ വ്യത്യാസത്തിൽ തീയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ. ഇന്ത്യൻ സിനിമാ ലോകം ഈ ക്ലാഷ് റിലീസിനെ പറ്റി ചർച്ച ചെയ്യുമ്പോൾ ഇതൊരു മത്സരം അല്ല എന്ന് കെജിഎഫ് 2 ടീം പറഞ്ഞിരുന്നു.
ഇലക്ഷന്‍ പോലെ ഒരു മത്സരം അല്ല ഇതെന്നും രണ്ട് ചിത്രങ്ങളും ആരാധകർ കാണട്ടെ എന്നുമാണ് കെജിഎഫ് നായകന്‍ യഷ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ആകട്ടെ വളരെ സൗഹൃദപരമാകുക ആണ് ഈ ചിത്രങ്ങളുടെ പ്രൊമോഷൻസ്. രണ്ട് ചിത്രങ്ങളെയും ചേർത്ത് പൊതുവായ ഒഫീഷ്യൽ പോസ്റ്ററുകൾ ആണ് പുറത്തിറങ്ങുന്നത്. നിലവിൽ ഇത്തരത്തിൽ രണ്ട് പോസ്റ്ററുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് എന്നതിനാൽ ആണ് ഇത്തരത്തിൽ പോസ്റ്ററുകൾ വരുന്നത്. ഏപ്രിൽ 13ന് എത്തുന്ന ബീസ്റ്റിന്റെ കേരളത്തിലെ വിതരണാവകാശം മാജിക് ഫ്രെയിംസ് ആണ് സ്വന്തമാക്കിയത്. ഏപ്രിൽ 14ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന കെജിഎഫ് 2വിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ആകട്ടെ പൃഥ്വിരാജ് പ്രൊഡക്ഷൻസും. ഇരു ചിത്രങ്ങളുടെയും കേരളത്തിലെ തിയേറ്റർ റിലീസിന്റെ മേൽനോട്ടം മാജിക് ഫ്രെയിംസ് തന്നെ ആണ് വഹിക്കുന്നത്.
2018ൽ കന്നഡ സിനിമ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗമായി എത്തുന്ന കെജിഎഫ് ചാപ്റ്റർ 2 പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്യുന്നത്. നെൽസൺ ദിലീപ്കുമാർ ആണ് വിജയുടെ ബീസ്റ്റ് ഒരുക്കുന്നത്.