“3 ഭാഷകൾ, പാൻ ഇന്ത്യ കാണട്ടെ മമ്മൂട്ടി നടനം”; ‘നൻപകൽ നേരത്ത് മയക്കം’ ഒടിടിയിൽ; ട്രെയിലർ…

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും യുവതലമുറയിലെ സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള നിരവധി പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. മൂന്ന് ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്നതിനാൽ പാൻ ഇന്ത്യൻ തലത്തിൽ തന്നെ വലിയ പ്രേക്ഷകരെ ചിത്രത്തിന് നേടാൻ ആകും എന്നത് തീർച്ച.
മലയാളം കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. മലയാളം ചിത്രം ആണെങ്കിൽ കൂടിയും തമിഴ് സംഭാഷണങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ ആവണം ചിത്രത്തിന് പ്രത്യേകിച്ചൊരു തമിഴ് പതിപ്പ് റിലീസ് ചെയ്തിട്ടില്ല. അശോകൻ, രമ്യ പാണ്ഡ്യൻ, ടി.സുരേഷ് ബാബു, രാജേഷ് ശർമ്മ, പൂ രാമു തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ജെയിംസ് എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തന്റെ കുടുംബത്തിനും മറ്റ് യാത്രക്കാർക്കുമൊപ്പം ഒരു തമിഴ് ഗ്രാമത്തിലൂടെയുള്ള ബസ് യാത്രയ്ക്കിടെ മയക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുന്ന ജെയിംസിനെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. മയക്കത്തിൽ നിന്ന് ഉണരുന്ന ജെയിംസ് ആകട്ടെ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയെപ്പോലെ പെരുമാറാൻ തുടങ്ങുന്നു. ബസിൽ നിന്ന് ഇറങ്ങി, ഗ്രാമത്തിനുള്ളിലെ ഒരു വീട്ടിലേക്ക് നടക്കുന്ന ജെയിംസ്, വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരൻ എന്ന ആളെപ്പോലെ ആണ് പെരുമാറാൻ തുടങ്ങുന്നത്. ട്രെയിലർ: