നിവിൻ പോളിയുടെ ഫാന്റസി അഡ്വെഞ്ചർ ചിത്രമായ ‘മൂത്തോൻ’ പുനരാരംഭിക്കുന്നു
യുവതാരം നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ഫാന്റസി അഡ്വെഞ്ചർ ചിത്രമാണ് ‘മൂത്തോൻ’. കഴിഞ്ഞ വർഷം പകുതിയോടെ മുംബൈയിൽ വെച്ച് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കാൻ പോകുകയാണ്.
ഇപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ അവസാന ഷെഡ്യൂളിൽ പങ്കെടുക്കുന്ന നിവിൻ പോളി അതിനു ശേഷം ‘മൂത്തോൻ’ ആയിരിക്കും തീർക്കുക. കൊച്ചിയിലാണ് ഈ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ തുടങ്ങുന്നത് എങ്കിലും പിന്നീട് അവിടെ നിന്ന് ലക്ഷദ്വീപ് ഐലണ്ടിലേക്ക് ഷിഫ്റ്റ് ചെയ്യും.
കാണാതായ തന്‍റെ ചേട്ടനെ തേടി ഒരു ബാലൻ നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് സൂചന. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് ആണ്. ബോളിവുഡിൽ നിന്നുള്ള വമ്പൻ സാങ്കേതിക പ്രവർത്തകർ ആണ് ഈ ചിത്രത്തിന്‍റെ അണിയറയിൽ ഉള്ളത്. ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളവരും ഈ ചിത്രത്തിൽ ജോലി ചെയ്യുന്നുണ്ട്.
വി എഫ് എക്‌സിന് പ്രാധാന്യമുള്ള മൂത്തോന് വേണ്ടി വി എഫ് എക്സ് ജോലികൾ ചെയ്യുന്നത് ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്ത ടീം ആണ്. ശശാങ്ക് അറോറ, സോബിത ധുലിപാല , ഹാരിഷ് ഖന്ന എന്നീ ബോളിവുഡ് നടന്മാരും ഈ ചിത്രത്തിന്‍റെ ഭാഗം ആണ്. നിവിന്‍ പൊളിയെ കൂടാതെ മലയാളത്തിൽ നിന്നും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നത് സുജിത് ശങ്കർ, അലെൻസിയർ , സൗബിൻ ഷാഹിർ, മെലിസ തോമസ് എന്നിവർ ആണ്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. ‘മൂത്തോൻ’ പുനരാരംഭിക്കാൻ പോകുന്ന വിവരം നിവിൻ പോളി തന്നെയാണ് പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റിലാണ് ഈ ചിത്രം നിർമ്മിക്കപ്പെടുന്നത്.