മോൺസ്റ്ററിന് യൂഎ സർട്ടിഫിക്കറ്റ്, റിലീസ് ഒക്ടോബർ 21ന്; മോഹൻലാലിന്റെ പ്രഖ്യാപനം…

ആരാധകരും പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ‘മോൺസ്റ്ററി’ന്റെ റിലീസ് തീയതി ഔദ്യോഗികമായി മോഹൻലാൽ പുറത്തുവിട്ടു. മുൻപ് പ്രചരിച്ച പോലെ ഒക്ടോബർ 21ന് തന്നെ ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതായും മോഹൻലാൽ അറിയിച്ചു. യൂഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലർ ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ വിജയ ചിത്രമായ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ. ഈ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ പ്രതീക്ഷയും പ്രേക്ഷകർക്ക് ഉണ്ട്. എന്നാൽ ഒരു മാസ് ചിത്രമായിട്ടല്ല ഈ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള ത്രില്ലർ ആണെന്നതും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു എങ്കിലും ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് യാതൊരു സൂചനയും പ്രേക്ഷകർക്ക് അതിൽ നിന്ന് ലഭിച്ചില്ല.
ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറില്‍ പോലീസുകാർക്കും മോഹൻലാലിന്റെ ലക്കി സിംഗ് എന്ന കഥാപാത്രവും തമ്മിലുള്ള ഒരു ഒളിച്ചുകളിയ്ക്ക് വേദിയൊരുങ്ങുന്നു എന്ന പ്രതീതി ആണ് സൃഷ്ടിച്ചത്. വ്യാജ അന്വേഷണം, കാണാതായ ഭർത്താവും കുട്ടിയും, ദുരൂഹതയുള്ള ആളും എന്നീ സംസാരങ്ങള്‍ ട്രെയിലറില്‍ ഉണ്ടെങ്കിലും പ്ലോട്ടിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പ്രേക്ഷകര്‍ക്ക് അതൊരു സസ്പന്‍സ് ആയി നിലനിര്‍ത്തിയിരിക്കുക ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിക്കുന്നത്. സിദ്ദിഖ്, മഞ്ചു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന എന്നിവരും മോൺസ്റ്ററിൽ അഭിനയിക്കുന്നു. തെലുങ്ക് സൂപ്പര്‍താരം മോഹന്‍ബാബുവിന്‍റെ മകളായ മഞ്ചു ലക്ഷ്മി ആദ്യ മലയാള ചിത്രം കൂടി ആണ് മോൺസ്റ്റർ.