പുതിയൊരു ദൃശ്യവിസ്മയത്തിന് തയ്യാറെടുത്ത് മോഹൻലാൽ; ‘വൃഷഭ’ ഫസ്റ്റ് ലുക്ക് എത്തി!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘വൃഷഭ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ: “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.” ജന്മദിനത്തിൽ ഇത് പുറത്തുവിടുന്നത് ഇതിന് കൂടുതൽ അർത്ഥം നൽകുന്നു എന്നും പ്രേക്ഷകരുടെ സ്നേഹമാണ് എപ്പോഴും തന്റെ ഏറ്റവും വലിയ ശക്തി എന്നും മോഹൻലാൽ കുറിച്ചു.
കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വൃഷഭ’, പുരാണവും ആക്ഷനും വൈകാരിക നിമിഷങ്ങളും സമന്വയിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും. ഒരു രാജാവിന്റെ ഗംഭീര വേഷത്തിലാണ് മോഹൻലാലിനെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. വാളിൽ കൈ ഊന്നി, കരുത്തുറ്റ ഭാവത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ഒരു ഇതിഹാസ കഥാപാത്രത്തിന്റെ വരവ് ഉറപ്പുനൽകുന്നു.
2025 ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘വൃഷഭ’ പ്രദർശനത്തിനെത്തും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. വൈകാരിക നിമിഷങ്ങളോടൊപ്പം, വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധരംഗങ്ങളും ‘വൃഷഭ’യുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. പി ആർ ഒ – ശബരി.