in

മലയാളത്തിന്റെ മോഹൻലാൽ ഇനി പോലീസ് വേഷത്തിൽ; L365 പ്രഖ്യാപിച്ചു

മലയാളത്തിന്റെ മോഹൻലാൽ ഇനി പോലീസ് വേഷത്തിൽ; L365 പ്രഖ്യാപിച്ചു

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. L365 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓസ്റ്റിൻ ഡാൻ തോമസ് എന്ന നവാഗതനാണ്. തല്ലുമാല, വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്നീ ചിത്രങ്ങളിൽ നടനായി തിളങ്ങിയ ഓസ്റ്റിൻ ഡാൻ അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ മിഥുൻ മാനുവൽ തോമസിന്റെ ഉൾപ്പെടെ സംവിധാന സഹായിയായി ഏതാനും മലയാള ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ മോഹൻലാൽ- ഓസ്റ്റിൻ ഡാൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. ഇഷ്ഖ്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് രതീഷ് രവി. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് മോഹൻലാൽ എത്തുന്നത് എന്ന് ചിത്രത്തിന്റെ അന്നൗൻസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നു.

ഹാസ്യത്തിനും പ്രാധാന്യമുള്ള ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ‘തല്ലുമാല’ ഉൾപ്പെടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആദ്യമായാണ് ഒരു മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്. ’12TH മാൻ’ എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണെന്ന സ്ഥിരീകരിക്കാത്ത വാർത്തകളും വരുന്നുണ്ട്.

മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പാട്രിയറ്റ്’ കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കുന്ന മോഹൻലാൽ ഉടൻ രജനികാന്ത് ചിത്രം ‘ജയിലർ 2 ‘ ൽ ജോയിൻ ചെയ്യും. ഇരുപത് ദിവസത്തോളമാണ് അതിലെ അതിഥി വേഷത്തിനു മോഹൻലാൽ നൽകിയിരിക്കുന്നത്. അതിന് ശേഷം ദിലീപ് ചിത്രം ‘ഭ.ഭ.ബ’, ജൂഡ് ആന്റണി ജോസഫ്- വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ എന്നിവയിലും മോഹൻലാൽ അതിഥി താരമായി വേഷമിടും. സത്യൻ അന്തിക്കാട് ഒരുക്കിയ ഹൃദയപൂർവമാണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ഓഗസ്റ്റ് 28 നു ചിത്രം ആഗോള റിലീസായെത്തും.

എസ്.ജെ. സൂര്യയും ശ്രീ ഗോകുലം മൂവീസും ഒന്നിക്കുന്ന കില്ലറിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കും

പൂജ ഹെഗ്‌ഡെയ്ക്ക് ഒപ്പം തകർപ്പൻ ചുവടുകളുമായി തിളങ്ങി സൗബിൻ ഷാഹിർ; രജനികാന്ത് ചിത്രം ‘കൂലി’ലെ ഗാനം പുറത്ത്