പുത്തൻ പ്രതീക്ഷകളുമായി മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ഇന്നുമുതൽ ബിഗ് സ്ക്രീനിൽ…
എട്ട് മാസങ്ങൾക്ക് ശേഷം സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ഒരു ചിത്രം തീയേറ്ററുകളിൽ ഇന്ന് എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ഈ ചിത്രം വമ്പൻ പ്രൊമോഷനുകൾ ഒന്നുമില്ലാതെ ആണ് എത്തുന്നത്. മലയാളത്തിന്റെ ഏറ്റവും വലിയ വിജയ ചിത്രമായ പുലിമുരുകന് പിന്നിൽ പ്രവർത്തിച്ച വൈശാഖ് – മോഹൻലാൽ – ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലർ ആണ്. പുലിമുരുകൻ പോലെ മാസ് പ്രതീക്ഷിക്കേണ്ട എന്ന് അണിയറപ്രവർത്തകർ പല തവണ ആവർത്തിക്കുന്നുണ്ട്. എന്നാൽ ചിത്രം ചില സസ്പെൻസുകളും ട്വിസ്റ്റുകളും നിറച്ച് ആണ് എത്തുക എന്ന് ചിത്രത്തിന്റെ ഭാഗമായവർ പലപ്പോഴായി വെളിപ്പെടുത്തി കഴിഞ്ഞു. ചിത്രത്തിലുള്ള പ്രതീക്ഷ ഇതാണ്.
മോഹൻലാലിന് ഒപ്പം താരനിരയിൽ സിദ്ദിഖ്, ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, കെബി ഗണേഷ് കുമാര് എന്നിവർ ഒന്നിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. പഞ്ചാബി ലുക്കിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രണ്ട് ലുക്കുകളിൽ മോഹൻലാലിനെ പോസ്റ്ററുകളിലും ട്രെയിലാറിലും കാണാൻ കഴിഞ്ഞിരുന്നു. തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നായകനും വില്ലനും എന്ന് മോഹൻലാൽ പറഞ്ഞു കഴിഞ്ഞു. കണ്ടെന്റ് കാരണം ആണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ ഓരോത്തരും തീരുമാനിച്ചത് എന്ന് സംവിധായകൻ വൈശാഖും വെളിപ്പെടുത്തി കഴിഞ്ഞു. വലിയ കോലാഹലങ്ങൾ ഒന്നും തന്നെ ഇല്ലാതെ വരുന്ന ഈ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തി ഒരു ബോക്സ് ഓഫീസ് മോൺസ്റ്റർ ആകുമോ എന്നത് ആണ് ഇനിയുള്ള ചോദ്യം. അതറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.