സെൻസറിങ് പൂർത്തിയാക്കി മോഹൻലാലിൻറെ ‘ഹൃദയപൂർവം’; അതിഥി വേഷത്തിൽ ബേസിൽ ജോസഫും

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ “ഹൃദയപൂർവം” എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 31 മിനിറ്റ് ദൈർഘ്യം ഉള്ള ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 28 നു ഓണം റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ്.
മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീതാ, ലാലു അലക്സ്, ബാബുരാജ്, ജനാർദ്ദനൻ, നിഷാൻ, സിദ്ദിഖ് എന്നിവരും വേഷമിടുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മീര ജാസ്മിൻ, ബേസിൽ ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്ദീപ് ബാലകൃഷ്ണൻ എന്ന 45 കാരനായ കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ അവിവാഹിതനായ ഈ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
അഖിൽ സത്യൻ രചിച്ച കഥക്ക് തിരക്കഥ ഒരുക്കിയത് നവാഗതനായ സോനു ടി പി ആണ്. അനു മൂത്തേടത് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ജസ്റ്റിൻ പ്രഭാകരൻ. ചിത്രത്തിലെ “വെണ്മതി” എന്ന ഗാനം ഇപ്പോൾ തന്നെ സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്. കേരളം, പൂനെ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
പത്തു വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിച്ച ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായി അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവരും ഈ ചിത്രത്തിന്റെ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.