പൃഥ്വിരാജിന്‍റെ ‘കടുവ’യിൽ അതിഥി വേഷത്തിൽ മോഹൻലാലും?
ആരാധകരുടെ വളരെ നാളുകൾ ആയുള്ള ഒരു ആവശ്യമായിരുന്നു പൃഥ്വിരാജിന്റെ ഒരു മാസ് ചിത്രം. ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’ ആരാധകരുടെ ആ ആഗ്രഹം യാഥാർഥ്യമാക്കുകയാണ്. ചിത്രത്തിന്റെ ടീസറുകൾ എല്ലാം ഒരു പക്കാ മാസ് ചിത്രത്തിന്റെ പ്രതീക്ഷ നല്കുമ്പോള്‍ ആവേശത്തില്‍ ആണ് ആരാധകർ. ഇപ്പോളിതാ ആ ആവേശം വലിയ ആഘോഷമാക്കാൻ കെൽപ്പുള്ള ചില റിപ്പോർട്ടുകൾ ആണ് പ്രചരിക്കുന്നത്.
സൂപ്പർതാരം മോഹൻലാൽ ‘കടുവ’യിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഒരു വേഷത്തിൽ ആണ് സൂപ്പർതാരം എത്തുക എന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ഒരു അഭ്യൂഹം മാത്രമായി ഈ റിപ്പോർട്ടുകൾ മാറിയില്ലെങ്കിൽ പൃഥ്വിരാജ് – മോഹൻലാൽ ഫാൻസിന് വലിയ ആഘോഷമായി കടുവ മാറും എന്നത് തീർച്ചയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്തകൾ ആരാധകർക്ക് ഇടയിൽ ചർച്ചാവിഷയമായി മാറിയിട്ടും ഉണ്ട്. ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഇരുതാരങ്ങളെ ഒന്നിച്ചു ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുക ആണ് ആരാധകർ. ഒരു മാസ് ചിത്രം കൂടിയാകുമ്പോൾ ആവേശം വളരെയധികമാകും എന്നത് തീർച്ച. കടുവാകുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിൽ എത്തുന്നു.
ജിനു വി എബ്രഹാം തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ താരനിരയിൽ സംയുക്ത മേനോൻ, രാഹുൽ മാധവ്, അർജ്ജുൻ അശോകൻ, പ്രിയങ്ക, വിജയരാഘവൻ, സായികുമാർ തുടങ്ങിവരും ഉണ്ട്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു. ചിത്രം ജൂൺ 30ന് തിയേറ്ററുകളിൽ എത്തും.