വീണ്ടുമൊരു സൂപ്പർതാര ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ എത്തുന്നു…
കമൽ ഹാസൻ ചിത്രം ‘വിക്ര’മിൽ ആരാധകർ ആഘോഷമാക്കിയ ഒരു അതിഥി വേഷത്തിൽ സൂപ്പര്‍താരം സൂര്യ എത്തിയിരുന്നു. റോളക്‌സ് എന്ന സൂര്യയുടെ ഈ കഥാപാത്രത്തെ ആരവങ്ങളോടെ ആണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോളിതാ മറ്റൊരു സൂപ്പർതാര ചിത്രത്തിലും അതിഥി വേഷത്തിൽ എത്തുകയാണ് സൂര്യ. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ ആണ് സൂര്യ തന്റെ സാന്നിധ്യം അറിയിക്കുക.
സൂര്യയുടെ തന്നെ തമിഴ് ചിത്രമായ ‘സൂരറൈ പോട്ര’യുടെ ഹിന്ദി റീമേക്കിൽ ആണ് അക്ഷയ് കുമാറിന് ഒപ്പം സൂര്യ എത്തുന്നത്. സൂര്യയുടെ 2ഡി എന്റർടൈന്മെന്റ്സ് ആണ് ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന വിവരം സൂര്യ ട്വീറ്റിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
.@akshaykumar sir to see you as #VIR was nostalgic! @Sudha_Kongara can see our story beautifully coming alive again #Maara! Enjoyed every minute with team #SooraraiPottru Hindi in a brief cameo! @vikramix pic.twitter.com/ZNQNGQO2Fq
— Suriya Sivakumar (@Suriya_offl) June 15, 2022
ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രവും സൂര്യ ട്വീറ്റ് ചെയ്തു. അക്ഷയ് കുമാറും സൂര്യയും ഒന്നിച്ചുള്ള ചിത്രമാണ് സൂര്യ പങ്കുവെച്ചത്. തമിഴിൽ സൂരറൈ പോട്ര് ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിടിയിൽ വമ്പൻ ഹിറ്റായ ചിത്രം ഇന്ത്യ ഒട്ടാകെ നിരൂപകരുടെ പ്രശംസകൾ നേടിയെടുക്കുകയും വിജയമാവുകയും ചെയ്തു. ജിവി പ്രകാശ് സംഗീതം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ് നിർവഹിക്കുന്നത്. കോവിഡ് കാലത്ത് ഒടിടി റിലീസ് ആയി എത്തിയ സൂരറൈ പോട്ര്, എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമായിരുന്നു.