ഇരുട്ടിന്റെ മറവിൽ ‘ഒടിയൻ’; ചിത്രത്തിലെ പുതിയ സ്റ്റിൽ പങ്കുവെച്ച് മോഹൻലാൽ!
മോഹൻലാൽ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിൽ ആണ് സിനിമാ ലോകം. ഒടിയന്റെ ഓരോ ചിത്രവും പ്രേക്ഷകർ ആവേശത്തോടെ ആണ് വരവേൽക്കുന്നത്. വി എ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാനസംരംഭം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെയും ഒപ്പം മലയാളത്തിലെയും ഏറ്റവും ചിലവേറിയ ചിത്രം ആണ്. ഇപ്പോൾ ഒടിയന്റെ പുതിയ ഒരു ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുക ആണ്.
ഇരുട്ടിന്റെ മറവിൽ ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മീശയില്ലാത്ത ലാലേട്ടന്റെ കട്ട ഹീറോയിസം എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതിന്റെ ഒരു സൂചന തന്നെ ആണ് ഇപ്പോൾ പുറത്തുവന്ന ചിത്രം എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
മോഹൻലാലിനെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയ താര നിരയും ചിത്രത്തിൽ ഉണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒടിയൻ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയും പിറത്തുവന്നിരുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് മോഹൻലാലിനെ ഒടിയന്റെ ലൊക്കേഷനിൽ എത്തി സന്ദർശിച്ചതും വാർത്ത ആയിരുന്നു. നിക്ക് കേരളത്തെ കുറിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിയ്ക്കായി മോഹൻലാലും പ്രകാശ് രാജയം അഭിനയിച്ച ഒരു രംഗവും പകർത്തിയിരുന്നു.
ഇരുവർ എന്ന മണിരത്നം ചിത്രത്തിന് ശേഷം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആണ് മോഹൻലാൽ – പ്രകാശ് രാജ് ടീം ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഒടിയനുണ്ട്. ബോളിവുഡ് സംവിധായകൻ അജോയ് വര്മ്മ ഒരുക്കുന്ന നീരാളി ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ഇതിന് ശേഷം മാത്രമേ ഒടിയൻ തീയേറ്ററുകളിൽ എത്തൂ.