‘ബിലാൽ’ അല്ല, അമൽ നീരദിന്‍റെ പുതിയ ചിത്രം ഫഹദ് ഫാസിലിനൊപ്പം!
അമൽ നീരദിന്‍റെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബിഗ് ബി യ്ക്ക് രണ്ടാം ഭാഗമായി ബിലാൽ പ്രഖ്യാപിച്ചത് മലയാള സിനിമയിലെ താരങ്ങൾ ഉൾപ്പെടെ ആഘോഷമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററിൽ അമൽ നീരദ് തന്നെ ചിത്രം നിർമ്മിക്കും എന്ന സൂചന ആയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതുമില്ല. ഇപ്പോൾ ഇതാ അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.
മമ്മൂട്ടി ചിത്രമായ ബിലാൽ അല്ല അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുക ആണ് അമൽ. ചിത്രം നിർമ്മിക്കുന്നതും അമൽ നീരദ് തന്നെ. ഇയ്യോബിന്‍റെ പുസ്തകം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ആണ് അമൽ ഫഹദ് കൂട്ടുകെട്ട് ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആദ്യം തുടങ്ങും എന്നാണ് ലഭ്യമായ വിവരം. വാഗമണ്ണിൽ വെച്ചാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നത്. മായാനദി താരം ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക.
ട്രാൻസ് എന്ന അൻവർ റഷീദ് ചിത്രത്തിൽ ആണ് ഫഹദ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാരം ചെയ്യുന്നത് അമൽ നീരദ് ആണ്. ഫഹദ് – അമൽ നീരദ് ചിത്രം പൂർത്തിയായതിന് ശേഷം ആയിരിക്കും ട്രാൻസിന്റെ അവസാന ഷെഡ്യൂളിലേക്ക് ഇനി കടക്കുക. അതെ സമയം ആരാധകർ ബിലാൽ എന്ന അമൽ നീരദിന്റെ മമ്മൂട്ടി ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുക ആണ്.