ഹോംബാലെ – ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര 2’ ൽ മോഹൻലാൽ?; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര എന്ന ചിത്രം ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ചിത്രങ്ങളിലൊന്നാണ്. ഏകദേശം 400 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങുകയാണ്. ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത് നായകനായി എത്തുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ ബ്രഹ്മാണ്ഡ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. കാന്താര എ ലെജൻഡ്: ചാപ്റ്റർ 1 എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, ഈ രണ്ടാം ഭാഗത്തിൽ അതിനിർണായകമായ ഒരതിഥി വേഷത്തിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ മോഹൻലാലും എത്തും. ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛനായി അതിശക്തമായ ഒരു കഥാപാത്രമായാണ് ഇതിൽ മോഹൻലാൽ എത്തുക എന്നാണ് സൂചന. വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലായിക്കഴിഞ്ഞു.
ആദ്യ ഭാഗം നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താര 2 ഉം നിർമ്മിക്കുന്നത്. കാന്താരയിൽ പറഞ്ഞ കഥയ്ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും രണ്ടാം ഭാഗത്തിൽ ഉണ്ടാവുകയെന്നാണ് സൂചന. 150 കോടി രൂപ ബഡ്ജറ്റിലാണ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. 2022 സെപ്റ്റംബറിലായിരുന്നു കാന്താര റിലീസ് ചെയ്തത്. ഇതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ഋഷഭ് ഷെട്ടി നേടിയെടുത്തിരുന്നു.
കാന്താര 2 ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം സമ്മർ റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ മോഹൻലാൽ ഉണ്ടെന്ന വിവരം ഔദ്യോഗികമായി വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.