ബോളിവുഡ് സംവിധായകനൊരുക്കുന്ന ത്രില്ലറിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജ്; മീനയും തൃഷയും നായികമാർ!

0

ബോളിവുഡ് സംവിധായകനൊരുക്കുന്ന ത്രില്ലറിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജ്; മീനയും തൃഷയും നായികമാർ!

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സൂപ്പര്‍താരം മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് ശേഷം താൻ അടുത്തതായി ചെയ്യാൻ പോകുന്ന പ്രൊജക്റ്റ് അനൗൺസ് ചെയ്തത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കുന്ന ഒരു ഡ്രാമ ത്രില്ലർ ആണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുന്ന ചിത്രം. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ താര നിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

മോഹൻലാൽ- പ്രകാശ് രാജ് കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയൻ എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചാണ് അഭിനയിക്കുന്നത്.

ദൃശ്യത്തിനും മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിനും ശേഷം മീന വീണ്ടും മോഹൻലാലിൻറെ നായിക ആയെത്തുന്നു ഈ ചിത്രത്തിലൂടെ. ദൃശ്യത്തിന് മുൻപും വർണ്ണപകിട്ടു, നാട്ടു രാജാവ്, ഉദയനാണു താരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ- മീന കോമ്പിനേഷനിൽ പുറത്തു വന്നിട്ടുണ്ട്.

അതുപോലെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വിവരം എന്തെന്നാൽ തെന്നിന്ത്യൻ താര സുന്ദരി തൃഷയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് എന്നതാണ്. മോഹൻലാലിനൊപ്പം ആദ്യമായി ആണ് തൃഷ അഭിനയിക്കാൻ പോവുന്നത്. നിവിൻ പോളിയോടൊപ്പം ഹേ ജൂഡ് എന്ന ശ്യാമ പ്രസാദ് ചിത്രമാണ് തൃഷയുടെ ആദ്യ മലയാള ചിത്രം. പക്ഷെ ഈ ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല.

മോഹൻലാൽ – അജോയ് വർമ്മ ചിത്രം ഒരു ഡ്രാമ ത്രില്ലർ ആണെന്ന് മാത്രമല്ല ഒരു ബിഗ് ബജറ്റ് ചിത്രം കൂടി ആയിരിക്കും. മുംബൈ , പുണെ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആയി ഡിസംബർ -ജനുവരി മാസങ്ങളിൽ ചിത്രീകരണം നടത്താൻ ഉദ്ദേശിക്കുന്ന ഈ ചിത്രം മെയ് മാസം പ്രദർശനത്തിനെത്തിക്കാനാണ് പരിപാടി. ചിത്രത്തിന്റെ പേര് അടുത്തയാഴ്ച പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.