ആരാധകര്‍ക്ക് മാത്രമുള്ള മാസല്ല വില്ലന്‍, ഒരു ക്ലാസ് ത്രില്ലർ; പ്രിവ്യു ഷോയെ പറ്റിയുള്ള വാര്‍ത്തകള്‍ വ്യാജം

0

വില്ലന്‍ ആരാധകര്‍ക്ക് മാത്രമുള്ള മാസല്ല ഒരു ക്ലാസ് ത്രില്ലർ; പ്രിവ്യു ഷോയെ പറ്റിയുള്ള വാര്‍ത്തകള്‍ വ്യാജം

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന വില്ലൻ എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ബി ഉണ്ണികൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ റോക്ക് ലൈൻ വെങ്കടേഷ് ആണ് നിർമ്മിച്ചിരിക്കുന്നത് ഈ വരുന്ന ഒക്ടോബർ 27 നു റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രത്തിൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ചിത്രത്തിന്‍റെ പ്രിവ്യു കഴിഞ്ഞെന്നും, അത് കണ്ട മോഹൻലാലിനും ബി ഉണ്ണികൃഷ്ണനും ചിത്രത്തെ കുറിച്ച് തൃപ്തിയില്ലെന്നും ഈ ചിത്രം ചെയ്യണ്ടായിരുന്നു എന്നവർക്ക് തോന്നിയെന്നുമൊക്കെയാണ് വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

എന്നാൽ ആ വാർത്തകൾ എല്ലാം തന്നെ വ്യാജമാണെന്ന് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരിൽ നിന്ന് തന്നെ എക്‌സ്‌ക്‌ളൂസീവ് ആയി ഞങ്ങൾക്ക് അറിയാൻ സാധിച്ചു. കാരണം ചിത്രത്തിന്റെ പ്രിവ്യു ഷോ ഇത് വരെ നടന്നിട്ടില്ല. മോഹൻലാൽ ഇത് വരെ ചിത്രം കണ്ടിട്ടില്ലെന്നും, അദ്ദേഹത്തിനായുള്ള സ്പെഷ്യൽ പ്രിവ്യു ഷോ ദീപാവലി ദിവസം കഴിഞ്ഞു ഒക്ടോബർ 19 നു എറണാകുളത്തു വെച്ചായിരിക്കും എന്നും അണിയറയിൽ നിന്ന് വിവരം ലഭിച്ചു.

തമിഴ് നടൻ വിശാലും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. വിശാലിനായുള്ള പ്രിവ്യു ഒക്ടോബർ 21 നു ചെന്നൈയിൽ വെച്ചായിരിക്കും ഒരുക്കുക.

ആദ്യ ദിവസം ഫാൻസിന് കൈയടിക്കാൻ വേണ്ടി ഉണ്ടാക്കിയ ചിത്രമല്ല വില്ലൻ എന്നും അങ്ങനെ രണ്ടു ദിവസത്തെ ആരാധകർക്ക് ഓളം ഉണ്ടാക്കാനുള്ള ഒരു മാസ്സ് മസാല ചിത്രമെന്നതിലുപരി ഒരു ലൈഫ് ഉള്ള മികച്ച ചിത്രമാകും വില്ലൻ എന്ന് തങ്ങൾക്കു 100 % ഉറപ്പുണ്ടെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങൾക്കൊപ്പം തന്നെ സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങളെ കുറിച്ച് ശ്കതമായി പറയുന്ന ഒരു ക്ലാസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് അണിയറയിൽ നിന്നറിയാൻ കഴിഞ്ഞത് . സ്ലോ പേസിൽ മുന്നോട്ടു പോകുന്ന ഒരു ഇമോഷണൽ ത്രില്ലർ ആയിരിക്കും വില്ലൻ.

ആരാധകരെ നിരാശപ്പെടുത്താത്ത ചിത്രം ആയിരിക്കുന്നതിനൊപ്പം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ ഒരു തട്ട് പൊളിപ്പൻ ചിത്രവുമല്ല വില്ലൻ. പണ്ട് നമ്മൾ കണ്ടിട്ടുള്ള, മുഖം എന്ന ചിത്രം പോലെയോ ബി ഉണ്ണികൃഷ്ണന്റെ തന്നെ ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രം പോലെയോ ഒക്കെ ഉള്ള ഒരു ക്ലാസ് ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രമായിരിക്കും വില്ലൻ.