‘എംഎൻഎംഎം’ ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, മോഹൻലാൽ എത്തുക മുഴുനീള കഥാപാത്രമായി; വെളിപ്പെടുത്തി മഹേഷ് നാരായണൻ

മലയാള സിനിമയിലെ സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘എംഎൻഎംഎം’ (MNMM) എന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ആണെന്ന് മഹേഷ് നാരായണൻ വെളിപ്പെടുത്തി. മോഹൻലാൽ എത്തുക മുഴുനീള കഥാപാത്രമായി ആണെന്നും സംവിധായകൻ സ്ഥിരീകരിച്ചു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ ആണ് ചിത്രത്തെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ പങ്കുവെച്ചത്. മുൻപ് പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പോലെ കാമിയോ വേഷമല്ല മോഹൻലാൽ കൈകാര്യം ചെയ്യുക, വളരെ പ്രാധാന്യമുള്ള ഒരു മുഴുനീള വേഷത്തിൽ തന്നെ ആണ് സൂപ്പർതാരം എത്തുക.
11 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഉണ്ട്. ഫഹദിനെയും ചാക്കോച്ചനെയും അതിഥി വേഷങ്ങൾക്കായി ഉപയോഗിക്കുക അല്ലെന്നും അവർക്ക് പെർഫോം ചെയ്യാൻ പാകത്തിനുള്ള ശക്തമായ കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉള്ളത് എന്നും മഹേഷ് സൂചിപ്പിച്ചു. “ഇപ്പോൾ എൻ്റെ വെല്ലുവിളി ഈ അഭിനേതാക്കളെയെല്ലാം മികച്ച രീതിയിൽ ഒരുമിച്ച് സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നതാണ്,” മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ഈ ചിത്രം എന്ന് അറിയിച്ച സംവിധായകൻ മഹേഷ് തനിക്ക് ഇപ്പോൾ ചിത്രത്തിന്റെ പ്രമേയങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല എന്നും പറഞ്ഞു. നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി എന്നിവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുക.