ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം മലയാളത്തിലേക്ക്; ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്‍കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന ഈ പുരസ്‍കാരം ലഭിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി ആണ് ശ്രീ മോഹൻലാൽ. 2004 ൽ അടൂർ ഗോപാലകൃഷ്ണൻ ആണ് ഈ പുരസ്‍കാരം നേടിയ ആദ്യ മലയാളി.
ചലച്ചിത്ര മേഖലയിലെ അതുല്യ സംഭാവനയ്ക്കുള്ള ആദരം ആയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുന്നത്.1969 മുതൽ ആണ് ഇന്ത്യ ഗവൺമെന്റ് ഈ അവാർഡ് നല്കാൻ ആരംഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച്, എല്ലാ വർഷവും ഇന്ത്യൻ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ആണ് ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 2023 ലെ പുരസ്‍കാരമാണ് മോഹൻലാലിനെ തേടിയെത്തിയത്.
സെപ്റ്റംബർ 23 നു നടക്കുന്ന ദേശീയ പുരസ്‍കാര വിതരണ ചടങ്ങിൽ വെച്ച് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മോഹൻലാൽ പുരസ്‍കാരം സ്വീകരിക്കും. അഞ്ചു ദേശീയ പുരസ്‍കാരങ്ങളും പത്തോളം സംസ്ഥാന പുരസ്‍കാരങ്ങളും നേടിയിട്ടുള്ള മോഹൻലാലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷൺ എന്നിവ നൽകിയും ആദരിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്‍കാരങ്ങൾ സ്വന്തമാക്കിയ നടനും കൂടിയാണ് മോഹൻലാൽ. നടനായും നിർമ്മാതാവായും അദ്ദേഹം മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അതുല്യമാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് 45 വർഷങ്ങൾ പിന്നിടുമ്പോഴും മലയാളത്തിലെ ഏറ്റവും വലിയ താരവും നടനും ആയി തിളങ്ങുന്ന മോഹൻലാലിന് ചുറ്റുമാണ് ഇന്നും മലയാള സിനിമയുടെ സാമ്പത്തിക സമവാക്യങ്ങൾ നിലനിൽക്കുന്നത്.