മോഹൻലാൽ – ഓസ്റ്റിൻ ഡാൻ ചിത്രം 2026 വിഷു റിലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

ദിവസങ്ങൾക്കു മുൻപാണ് മോഹൻലാൽ നായകനായ L365 ന്റെ പ്രഖ്യാപനം ഉണ്ടായത്. L365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഓസ്റ്റിൻ ഡാൻ ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് രതീഷ് രവി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്നും ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം വിഷു റിലീസ് ആയാണ് ചിത്രം എത്തിക്കാൻ പ്ലാൻ ചെയ്യുന്നതെന്നും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു കംപ്ലീറ്റ് മോഹൻലാൽ ചിത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. “തുടരും” എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ജേക്സ് ബിജോയ് വീണ്ടും ഇതിലൂടെ മോഹൻലാൽ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വിവേക് ഹർഷൻ എഡിറ്റർ ആയെത്തുന്ന ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് വിഷ്ണു ഗോവിന്ദ് ആണ്. ഷാജി കുമാർ അല്ലെങ്കിൽ ജിംഷി ഖാലിദ് ആയിരിക്കും ചിത്രത്തിന് കാമറ ചലിപ്പിക്കുക എന്നും വാർത്തകളുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ പോലീസ് യൂണിഫോമിൽ എത്തുന്ന ഈ ചിത്രം കോമഡി, വൈകാരികത എന്നിവക്ക് പ്രാധാന്യമുള്ള ഒരു ത്രില്ലർ ആണെന്നാണ് സൂചന.
ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം “പാട്രിയറ്റ്” ചെയ്യുന്ന മോഹൻലാൽ, അതിന് ശേഷം ജയിലർ 2 , ഭ.ഭ.ബ, ജൂഡ് ആന്റണി ചിത്രം “തുടക്കം” എന്നിവയിലെ അതിഥി വേഷവും ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന ദൃശ്യം 3 ഉം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ഓസ്റ്റിൻ ഡാൻ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് സൂചന. അമൽ നീരദ്, കൃഷാന്ത്, ബ്ലെസി ചിത്രങ്ങളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.