സ്നേഹവും സാന്ത്വനവും പകർന്ന ‘വാര്യരെ’ കാണാൻ ‘നീലൻ’ എത്തി; വീഡിയോ…

അന്തരിച്ച നടൻ ഇന്നസെന്റും മോഹൻലാലും ചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച അഭിനയ മുഹൂർത്തങ്ങളും മറക്കാൻ ആവാത്ത നിമിഷങ്ങളും ആയിരുന്നു. ഇരുവരും അവിസ്മരണീയമാക്കിയ ദേവാസുരം ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും വാര്യരും പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന കഥാപാത്രങ്ങളാണ്. സിനിയമയിലെന്ന പോലെ തന്നെ മോഹൻലാലിന് വാര്യർ തന്നെ ആയിരുന്നു ഇന്നസെന്റ്. ആ വാര്യരെ കാണാൻ വളരെയധികം ദൂരങ്ങൾ താണ്ടി നീലൻ എത്തി.
രാജസ്ഥാനിൽ ആയിരുന്ന മോഹൻലാൽ ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ എത്തി ആണ് അദ്ദേഹത്തെ അവസാനായി കണ്ടത്. പുലർച്ചെ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. കുറിപ്പ്: “എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…”