ARM യൂണിവേഴ്‌സ് വികസിക്കുന്നു; ടൊവിനോ തോമസിനൊപ്പം മോഹൻലാലും പൃഥ്വിരാജ് സുകുമാരനും

അജയന്റെ രണ്ടാം മോഷണം എന്ന ഫാന്റസി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിതിൻ ലാൽ, ഇതിലെ കഥാപാത്രങ്ങളുമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു എന്ന് സൂചന. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. സുജിത് നമ്പ്യാർ രചിച്ച ഈ ചിത്രത്തിൽ പ്രപഞ്ച സൃഷ്ടാവിന്റെ കഥാപാത്രമായി മോഹൻലാലിൻറെ ശബ്ദ സാന്നിധ്യവും ഉണ്ടായിരുന്നു.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജിതിൻ ലാൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തും. ജിതിൻ ലാലിൻറെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആയിരിക്കും ഈ ചിത്രമെന്നും, ഇതൊരു സൂപ്പർ നാച്ചുറൽ ഫാന്റസി ചിത്രം ആയിരിക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്. മോഹൻലാൽ കഥാപാത്രം ഇതിൽ അതിഥി വേഷത്തിൽ എത്തിയേക്കാമെന്നും വാർത്തകളുണ്ട്.
അന്യഗ്രഹ ജീവികൾ ഉൾപ്പെടെ കഥയിൽ വരുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാലിനെ ജിതിൻ ഇതുവരെ സമീപിച്ചിട്ടില്ലെങ്കിലും, പൃഥ്വിരാജ് ചിത്രത്തിലൂടെ വികസിപ്പിക്കാൻ പോകുന്ന സിനിമാറ്റിക് യൂണിവേഴ്സിൽ, ഇതിലെ ആദ്യ ചിത്രത്തിൽ ഭാഗമായ മോഹൻലാലും എത്തിയേക്കുമെന്നാണ് സൂചന. ഈ യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൽ ആയിരിക്കും മോഹൻലാൽ നായകനായി എത്തുകയെന്നും വാർത്തകളുണ്ട്.
കടുത്ത മോഹൻലാൽ ആരാധകനായ ജിതിൻ തന്റെ പേരിനൊപ്പം ലാൽ എന്ന് ചേർത്തത് പോലും ആ ആരാധന കൊണ്ടാണെന്നു വെളിപ്പെടുത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണത്തിന്റെ കഥ നടക്കുന്ന സിനിമാറ്റിക് യൂണിവേഴ്‌സ് ആയി ബന്ധപ്പെട്ട ഒട്ടേറെ കഥകൾ ഇപ്പോഴേ പ്ലാൻ ചെയ്യുന്നുണ്ട് എന്നും ജിതിൻ അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താനും രചയിതാവായ സുജിത് നമ്പ്യാരും ഈ ഒൻപത് കഥകളും സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്നും, അജയന്റെ രണ്ടാം മോഷണത്തിലെ കഥാപാത്രങ്ങൾ പലരും ഈ കഥകളിൽ വന്നു പോകുമെന്നും ജിതിൻ വിശദീകരിച്ചു.