ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മോഹൻലാലും അമിതാബ് ബച്ചനും ; ഗുംനാം വരുന്നു
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടു വിസ്മയങ്ങൾ ആണ് മലയാളത്തിന്റെ മോഹൻലാലും ബോളിവുഡിന്റെ അമിതാബ് ബച്ചനും. ഇവർ രണ്ടു പേരും രണ്ടു ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടും ഉണ്ട്. ആഗ് എന്ന ഹിന്ദി ചിത്രത്തിലും കാണ്ഡഹാർ എന്ന മലയാള ചിത്രത്തിലും ആണ് ഈ അഭിനയ പ്രതിഭകൾ ഒരുമിച്ചു അഭിനയിച്ചത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവർ ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ ഇത്തവണ ഒരുമിച്ചു അഭിനയിക്കാനല്ല, ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇരുവരും തയാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇ നിവാസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ഗുംനാം. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അമിതാബ് ബച്ചൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഇതിന്റെ ദക്ഷിണേന്ത്യൻ പതിപ്പിൽ ആ കഥാപാത്രത്തെ മോഹൻലായിരിക്കും അവതരിപ്പിക്കുക. രണ്ടു പേര്ക്കും ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടമായെന്നും ഉടനെ തന്നെ രണ്ടു പേരുമായും കരാറിൽ എത്താൻ ആകുമെന്നുമാണ് പ്രതീക്ഷയെന്നും ഈ ചിത്രത്തിന്റെ നിർമ്മാതാവായ ജയന്തിലാൽ ഗാഢ വെളിപ്പെടുത്തി.
എന്നാൽ ഈ ചിത്രത്തിന് 1965 ഇൽ പുറത്തിറങ്ങിയ ഗുംനാം എന്ന മനോജ് കുമാർ- നന്ദ ചിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്നു നിർമ്മാതാവ് അറിയിച്ചു . പകരം ഇതൊരു തമിഴ് ചിത്രത്തിന്റെ റീമേക് ആണെന്നും ചിത്രത്തിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം മൊറീഷ്യസിലെ ഒരു ദ്വീപിൽ ആയിരിക്കും ചിത്രീകരിക്കുക.
ഇപ്പോൾ ഒടിയൻ എന്ന തന്റെ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറക്കുന്ന തിരക്കിൽ ആണ് മോഹൻലാൽ. വമ്പൻ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ മുത്തച്ഛൻ ആയി അഭിനയിക്കാൻ അമിതാബ് ബച്ചൻ എത്തുമെന്ന് നേരത്തെ ചില സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.