“ഈ സിനിമ കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി”, ‘വർഷങ്ങൾക്ക് ശേഷം’ സിനിമയ്ക്ക് കയ്യടിച്ച് മോഹൻലാലും…
വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ ‘വർഷങ്ങൾക്കു ശേഷം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനങ്ങൾ തുടരുകയാണ്. സിനിമയിൽ എത്തപ്പെടാൻ ആഗ്രഹിച്ച് മദ്രാസിൽ എത്തിയ രണ്ട് സുഹൃത്തുക്കളുടെ പല കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. കേട്ടറിഞ്ഞ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് കൂടി പ്രചോദനം ഉൾകൊണ്ട് ചില സീനുകൾ വിനീത് ഒരുക്കിയിരിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.
ഇപ്പോളിതാ ചിത്രം കണ്ട മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാൽ അദ്ദേഹത്തിന് ഉണ്ടായ അനുഭവം ഒരു കുറിപ്പായി എഴുതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ താനും തന്റെ പഴയ കാലങ്ങളിലേക്ക് പോയി എന്ന് മോഹൻലാൽ പറയുന്നു. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരുന്നു, ഈ സിനിമയുടെ എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു.