ലോകമെമ്പാടും ബോക്സ് ഓഫീസ് ഭൂകമ്പം സൃഷ്ടിച്ച് ‘ആവേശം’; കളക്ഷൻ കുതിക്കുന്നു, കണക്കുകൾ ഇങ്ങനെ…
രോമാഞ്ചം ഒരുക്കിയ ജിത്തു മാധവന് ഒപ്പം ഫഹദ് ഫാസിൽ ഒന്നിച്ച ആവേശം ബോക്സ് ഓഫീസ് കളക്ഷനിൽ വൻ കുതിപ്പ് നടത്തുകയാണ്. ഹൈപ്പിന് ഒത്ത് ഉയർന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ കൂടി പ്രേക്ഷകരിൽ നിന്ന് ലഭിച്ചപ്പോൾ പിന്നീട് ഓരോ ദിവസവും കളക്ഷൻ ഉയരുകയാണ്. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ റിപ്പോർട്ട് ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നാല് ദിവസ വീക്കെൻഡ് കളക്ഷൻ ആയി വാരി കൂട്ടിയത് 42.37 കോടി ആണ്. ഇതിൽ 18.87 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയപ്പോൾ ഓവർസീസ് ബോക്സ് ഓഫീസിൽ നിന്നും നേടിയത് 23.5 കോടി ആണ്. കേരളത്തിൽ നിന്നുള്ള വീക്കെൻഡ് കളക്ഷൻ 14.29 കോടി ആണ്. 4.58 കോടി ആണ് റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ. ഓവർസീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് യുഎഇ/ ജിസിസി യിൽ നിന്നാണ്. 1.99 മില്യൺ ഡോളർ (16.61 കോടി) ആണ് ഇവിടെ നിന്നും ലഭിച്ചത്. എന്നിങ്ങനെ ആണ് മറ്റിടങ്ങളിൽ നിന്ന് ലഭിച്ച കളക്ഷൻ.
ഇന്ന് (തിങ്കളാഴ്ച) ചിത്രം അൻപത് കോടി ക്ലബ്ബിൽ എത്തും എന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്. മൂന്ന് കോളേജ് വിദ്യാർത്ഥികളെയും രംഗ എന്ന ഗുണ്ടയെയും ചുറ്റിപ്പറ്റിയുള്ള കഥ ആണ് ചിത്രം പറയുന്നത്. രംഗ എന്ന കഥാപാത്രമായി എത്തിയത് ഫഹദ് ഫാസിൽ ആണ്. താരത്തിൻ്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സുഷിൻ ശ്യാമിൻ്റെ സംഗീതം ആണ് തിയേറ്ററുകളിൽ പ്രേക്ഷകർക്കിടയിൽ ആരവങ്ങൾ തീർക്കാൻ ആവേശത്തെ സഹായിച്ച മറ്റൊരു പ്രധാന ഘടകം.