in , ,

“ജോർജിനെ പോലെയല്ല മാർക്കോ, ഏതറ്റം വരെയും അവൻ പോകും”; കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി സക്സസ് ട്രെയിലർ പുറത്ത്…

“ജോർജിനെ പോലെയല്ല മാർക്കോ, ഏതറ്റം വരെയും അവൻ പോകും”; കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി സക്സസ് ട്രെയിലർ പുറത്ത്…

ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ സക്സസ് ട്രെയിലര്‍ പുറത്തിറങ്ങി. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലര്‍ ആണ് റിലീസ് ആയിരിക്കുന്നത്. ചിത്രത്തിലെ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും മറ്റും ഉൾപ്പെടുത്തിയാണ് ഈ ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ മാർക്കോയുടെ ഹിന്ദി പതിപ്പും ഹിറ്റ് സ്റ്റാറ്റസ് നേടി മുന്നേറുകയാണ്. മികച്ച പ്രേക്ഷകപ്രതികരണം എല്ലാ ഇടങ്ങളില്‍നിന്നും ലഭിക്കുന്ന മാര്‍ക്കോയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിന് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് പതിപ്പ് ജനുവരി 1-നും തമിഴ് പതിപ്പ് ജനുവരി 3-നും പുറത്തിറങ്ങും. സക്സസ് ട്രെയിലര്‍ കാണാം:

അതേസമയം, മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമാകുകയാണ്. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും ടീമും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. വയലന്‍സും ചോരക്കളിയും കൊണ്ട് സമ്പുഷ്ടമാണെങ്കിലും പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്. യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആക്ഷന് വലിയ പ്രാധാന്യമുള്ള ‘മാർക്കോ’യിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത്.

“ആരാധകവൃന്ദത്തെ കോരിത്തരിപ്പിക്കാനൊ അവാര്‍ഡുകൾക്കായി ഒരു ഓഫ് ബീറ്റോ ചെയ്തില്ല”; മോഹൻലാലിന് കയ്യടിച്ച് പ്രശസ്ത സംവിധായകൻ

“ചോരത്തിളപ്പുള്ള നായക വേഷത്തിൽ സുരേഷ് ഗോപി”; ‘ഒറ്റക്കൊമ്പനി’ൽ സൂപ്പർതാരം ജോയിൻ ചെയ്തു