in ,

ആക്ഷൻ കൊടുങ്കാറ്റുമായി ‘മാർക്കോ’ വിപ്ലവം; റിവ്യൂ വായിക്കാം

ആക്ഷൻ കൊടുങ്കാറ്റുമായി ‘മാർക്കോ’ വിപ്ലവം; റിവ്യൂ വായിക്കാം

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ മലയാള സിനിമയിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ വയലൻസിന്റെ അതിർവരമ്പുകൾ തകർത്തെറിഞ്ഞു കൊണ്ട് കഥ പറയുന്ന ചിത്രമാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റിന് കീഴിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോ ഒരു ആക്ഷൻ ത്രില്ലർ എന്ന നിലയിലും മികവ് പുലർത്തുന്ന ചിത്രമാണ്. വലിയ ഹൈപ്പോടെയെത്തിയ ചിത്രം പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

വമ്പൻ അക്രമ വാസനയും കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുമായ മാർക്കോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. അടാട്ട് കുടുംബത്തിലെ ദത്ത് പുത്രനായ മാർക്കോ, ആ കുടുംബത്തിൽ ഉണ്ടാകുന്ന ഒരു കൊലപാതകത്തെ തുടർന്ന് നാട്ടിലെത്തുകയും, ജഗദീഷ്, ആൻസൺ പോൾ, കബീർ സിംഗ് ദുഹാൻ, അഭിമന്യു തിലകൻ എന്നിവർ അവതരിപ്പിക്കുന്ന ക്രൂരരായ എതിരാളികളുടെ നേതൃത്വത്തിലുള്ള ഒരു ക്രൈം സിൻഡിക്കേറ്റുമായി രക്തരൂക്ഷിതമായ ഏറ്റുമുട്ടലിലേക്ക് എത്തുകയും ചെയ്യുന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ട്വിസ്റ്റുകളും വമ്പൻ ആക്ഷൻ സീക്വൻസുകളും നിറച്ചാണ് ചിത്രം കഥ പറയുന്നത്.

ആകർഷകമായ കഥപറച്ചിലും ഗംഭീര ആക്ഷനും കോർത്തിണക്കിയാണ് ഹനീഫ് അദനി കഥ പറഞ്ഞിരിക്കുന്നത്. കഥാപാത്ര വികസനവും ഉയർന്ന നിലവാരമുള്ള ഡ്രാമയും തമ്മിലുള്ള കൃത്യമായ സംയോജനമാണ് അദ്ദേഹത്തിന്റെ തിരക്കഥയുടെ ഹൈലൈറ്റ്. എന്നാൽ അതേ സമയം തന്നെ ചിത്രത്തിലെ പഞ്ച് ലൈനുകൾ ഒഴികെയുള്ള ഡയലോഗുകൾക്ക് അനുഭവപ്പെടുന്ന നാടകീയതയും, കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് വലിയ രീതിയിൽ വൈകാരിക ബന്ധം തോന്നാത്ത തരത്തിലുള്ള ആഖ്യാനവും കല്ലുകടിയാവുന്നുമുണ്ട്. എന്നാൽ ഇതിന്റെയെല്ലാം മുകളിൽ യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷനും മലയാള സിനിമ പ്രേക്ഷകർ ഇന്നേ വരെ കാണാത്ത തരത്തിലുള്ള രക്തരൂക്ഷിതമായ രംഗങ്ങളും കൊണ്ട് ചിത്രത്തെ മറ്റൊരു തലത്തിലുള്ള തീയേറ്റർ അനുഭവമായി അദ്ദേഹം മാറ്റിയിട്ടുണ്ട്.

മാർക്കോ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദന്റെ വൺ മാൻ ഷോ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ലുക്ക് കൊണ്ടും ആക്ഷൻ കൊണ്ടും സ്റ്റൈൽ കൊണ്ടും ഡയലോഗുകൾ കൊണ്ടും ഉണ്ണി മുകുന്ദൻ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മാർക്കോയുടെ രോഷവും സ്വാഗും ഉൾക്കൊള്ളാനുള്ള അദ്ദേഹത്തിന്റെ ശ്രമം പൂർണ്ണമായും ഫലം കണ്ടിട്ടുണ്ട്. ആക്ഷൻ സീക്വൻസുകളിൽ ഉണ്ണി മുകുന്ദന്റെ സമർപ്പണം വളരെയധികം വ്യക്തമാണ്. ജഗദീഷും സിദ്ദിഖും മികച്ച പ്രകടനങ്ങളുമായി കയ്യടി നേടുന്നു. അതിൽ തന്നെ വില്ലൻ വേഷത്തിലെത്തിയ ജഗദീഷ് തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നൽകിയത്. ആന്സന് പോൾ, അഭിമന്യു തിലകൻ, കബീർ ദുഹാൻ, യുക്തി തരേജ എന്നിവരും ശ്രദ്ധ നേടി. വില്ലനായി എത്തിയ അഭിമന്യു, കബീർ ദുഹാൻ എന്നിവർ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.

ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണം പ്രേക്ഷകരെ ചിത്രത്തിലെ ഇരുണ്ടതും അക്രമോത്സുകവുമായ ലോകത്തേക്ക് ആകർഷിക്കുന്നു. അതേസമയം ഷമീർ മുഹമ്മദിന്റെ മൂർച്ചയുള്ള എഡിറ്റിംഗ് കഥ പറച്ചിലിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നു. രവി ബസ്രൂറിൻ്റെ പശ്ചാത്തലസംഗീതം ചിത്രത്തിലെ ഓരോ രംഗത്തും പിരിമുറുക്കവും തീവ്രതയും ആവേശവും വർദ്ധിപ്പിക്കുന്ന മറ്റൊരു ഹൈലൈറ്റാണ്. കലയ് കിങ്സന്റെ ആക്ഷൻ സംവിധാനം ആണ് ഈ ചിത്രത്തിലെ മറ്റൊരു മാസ്റ്റർപീസ്. ഓരോ ആക്ഷൻ രംഗങ്ങളും ഓരോ തരത്തിൽ ആവേശകരമായി ഒരുക്കിയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.

മോളിവുഡിലെ പുതിയ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന നിലയിൽ ഉണ്ണി മുകുന്ദന്റെ പദവി ഉറപ്പിക്കുന്ന, അക്രമത്തിന്റെയും പ്രതികാരത്തിന്റെയും രക്തത്തിൽ കുതിർന്ന വിപ്ലവമാണ് മാർക്കോ. ചിത്രത്തിന്റെ ക്രൂരമായ സ്വഭാവം എല്ലാവരേയും ആകർഷിക്കാനിടയില്ലെങ്കിലും, ത്രില്ലർ ആസ്വാദകർക്കും തീവ്രമായ ആക്ഷൻ സിനിമയുടെ ആരാധകർക്കും മികച്ച അനുഭവമാണ് സമ്മാനിക്കുക. ഹനീഫ് അദേനിയുടെ സംവിധാനം, മികച്ച പ്രകടനങ്ങളും മികച്ച സാങ്കേതിക വൈദഗ്ധ്യവും സംയോജിപ്പിച്ച് മാർക്കോയെ ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നറാക്കുന്നു. ചിത്രത്തിലെ നിഷ്കരുണമായ ക്രൂരത നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, മാർക്കോ ഒരു സിനിമാറ്റിക് റൈഡ് ആണ് സമ്മാനിക്കുക.

തമിഴിൽ നിന്നൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; നട്ടി നടരാജിന്റെ ‘സീസോ’ ട്രെയിലർ റിലീസായി…

ഡാര്‍ക്ക്‌ സീക്രട്ട്സുമായി ഒരു കുടുംബം; ജോജുവും സുരാജും ഒന്നിക്കുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ടീസര്‍ പുറത്ത്…