in ,

ദൃശ്യവിസ്മയം തന്നെ ഈ ‘മരക്കാർ’; നിരൂപകരുടെയും പ്രേക്ഷകരുടെയും വിലയിരുത്തൽ..

ദൃശ്യവിസ്മയം തന്നെ ഈ മരക്കാർ; നിരൂപകരുടെയും പ്രേക്ഷകരുടെയും വിലയിരുത്തൽ..

വമ്പൻ ആഘോഷങ്ങളോടെ ലോകമെമ്പാടും മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളിൽ എത്തി. എല്ലായിടത്തും ആദ്യ ഷോ നടന്നത് 12.01ന് ആണെന്നത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യ സംഭവമാണ്.

900ൽ അധികം ഫാൻസ് ഷോകളുമായി ആഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. വരവേൽപ്പ് ഗംഭീരം ആണെന്നിരിക്കെ ചിത്രത്തിലേക്ക് വരുമ്പോൾ നിരൂപകരും പ്രേക്ഷകരും എങ്ങനെ ആണ് മരക്കാറിനെ വിലയിരുത്തുന്നത് എന്നത് ആണ് സിനിമയുടെ വിധി നിർണ്ണയിക്കുന്നത്.

ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്. ഈ പ്രതികരണങ്ങൾ വന്നത് ആവട്ടെ ആരാധകർക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ഷോകൾക്ക് ശേഷമായിരുന്നു. വളരെ പ്രതീക്ഷ നൽകി തിയേറ്ററുകളിൽ എത്തിയ മരക്കാർക്ക് ആരാധകർക്കിടയില്‍ ആ പ്രതീക്ഷ കാക്കാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ. എന്നാൽ ഇത് കൊണ്ട് പ്രേക്ഷക പ്രതികരണങ്ങളെ വിലയിരുത്താൻ ആവുകയും ഇല്ല.

സമ്മിശ്ര പ്രതികരണങ്ങൾക്ക് പിറകെ മികച്ച പ്രതികരണങ്ങളും വരുന്നുണ്ട്. ആദ്യം വന്ന സമ്മിശ്ര പ്രതികരണങ്ങൾ സിനിമക്ക് ഗുണകരമായി എന്ന് പറഞ്ഞാലും തെറ്റില്ല. അതേ പോലെ കുടുംബ പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടുന്നതും സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയിൽ പോലും എല്ലാരും ഒരേ പോലെ തിയേറ്ററുകളിൽ മികച്ച ദൃശ്യാ അനുഭവം നൽകുന്ന ചിത്രം ആണെന്ന വിലയിരുത്തലും ചിത്രത്തിനെ മുന്നോട്ട് നയിക്കും എന്നത് തീർച്ചയാണ്.

ചിത്രത്തിന്റെ കഥ…

ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ കമാൻഡർമാർ എന്ന് വിശേഷിപ്പിക്കുന്ന മരക്കാർ പരമ്പരയുടെ കഥയാണിത്. ചരിത്രവും ഭാവനയും ഇടകലർന്നത് ആണ് അവതരിപ്പിക്കുന്നത്. കുടുംബത്തിൽ ഉണ്ടായ ഒരു വലിയൊരു കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ടതിന് ശേഷം ജനങ്ങൾക്ക് കാണാമറയത്ത് ഇരുന്നു സഹായങ്ങള്‍ ചെയ്ത് ദൈവതുല്യനായ ഒരാളായി മാറുന്ന കുഞ്ഞാലി മരക്കാറിനെ ചിത്രത്തില്‍ കാണാം. സാമൂതിരി ആദ്യം കുറ്റവാളിയായി മുദ്രകുത്തിയ അതേ മരക്കാര്‍ പിന്നീട് അദ്ധേഹത്തിന്റെ കപ്പൽ പടയുടെ നായകനും ആകുന്നു. അതിന് ശേഷമുള്ള മരക്കാറിന്റെ ഉയര്‍ച്ചയും വീഴ്ചയും എല്ലാം ആണ് ചിത്രം പറയുന്നത്.

നിരൂപകർ പറയുന്നത്…

ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഹിന്ദു, ഇന്ത്യൻ എക്സ്‌പ്രെസ്, ഇന്ത്യ ടുഡേ തുടങ്ങിയ ദേശീയ മാധ്യമങ്ങളിലെ നിരൂപകരിൽ നിന്ന് ചിത്രത്തിന് ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങൾ ആണ്. ചിത്രത്തിന്റെ നല്ല വശങ്ങളും പോരായ്മകളും നിരൂപകർ ചൂണ്ടി കാണിക്കുന്നു.

ചിത്രത്തിന്റെ പ്രധാന പോരായ്മ ആയി നിരൂപകർ ചൂണ്ടി കാണിക്കുന്നത് തിരക്കഥ ആണ്. എന്നാൽ ചിത്രത്തിന്റെ നല്ല വശങ്ങളും നിരൂപകർ വിലയിരുത്തുന്നുണ്ട്. വലിയ ക്യാൻവാസിൽ ഒരുക്കിയ ഈ ചിത്രത്തെ ദൃശ്യ വിസ്മയം എന്ന് ഇന്ത്യ ടുഡേ വിശേഷിപ്പിക്കുന്നു. മരക്കാരുടെ ജീവിതമായി ബന്ധപ്പെട്ട് ചരിത്ര വസ്തുതകൾ അവ്യക്തമാണെന്നിരിക്കെ അതിനെ സാങ്കൽപ്പിക കഥയുമായി കൂട്ടിയിണക്കുന്നതിൽ സിനിമ വിജയിക്കുന്നുണ്ട് എന്ന് വിലയിരുത്തുന്നു.

കടലിൽ ഉൾപ്പെടെ ഉള്ള ഏറ്റു മുട്ടലുകളും യുദ്ധ രംഗങ്ങളും എല്ലാം മികച്ച ദൃശ്യ വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ദൃശ്യ വിസ്മയമായ ഈ ചിത്രത്തിന് സ്‌പെഷ്യൽ എഫക്റ്റുകളിൽ ദേശീയ അവാർഡ് നേടിയതിൽ അതിശയിക്കാൻ ഇല്ലെന്നും ഗ്രാഫിക്സ് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമാണ് എന്നും ഇന്ത്യ ടുഡേ വിലയിരുത്തുന്നു.

തിരുവിന്റെ ഛായാഗ്രഹണം നിരൂപകർ പ്രശംസിക്കുന്നു. ചിത്രത്തിന്റെ മർമ്മ പ്രധാനമായ യുദ്ധ രംഗങ്ങളിലെ എഡിറ്റിംഗ് മികവിനെയും രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതത്തെയും പുകഴ്ത്തുന്നുണ്ട് നിരൂപകർ.

ചരിത്രത്തിൽ രേഖപ്പെടുത്തിയ ചില സംഭവങ്ങൾക്ക് ഭാവനയിൽ പ്രിയദർശൻ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. സാമൂതിരിയും മരക്കാറും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പല രീതിയിൽ ആണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. ഇങ്ങനെ നടന്നേക്കാം എന്ന രീതിയിൽ വിശ്വസിപ്പിക്കുന്ന തരത്തിൽ കഥ വികസിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ…

ആദ്യ ഷോകൾ കണ്ടിറങ്ങിയ ആരാധകരിൽ നിന്ന് മരക്കാർ പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്നില്ല എന്ന അഭിപ്രായങ്ങൾ ആണ് ഉയരുന്നത്. മോഹൻലാൽ എന്ന സൂപ്പർതരാത്തിനെ മരക്കാർ ആയി ആഘോഷിക്കുന്ന തരത്തിലുള്ള സീനുകൾ പ്രതീക്ഷിക്കുന്ന സ്ഥാനത്ത് റിയലിസ്റ്റിക്ക് ആയുള്ള അവതരണം ഒരു പക്ഷെ ഇതിനൊരു കാരണം ആകാം.

വലിയ ക്യാൻവാസിൽ ആഘോഷമായി ഒരു ചിത്രം വരുമ്പോൾ അത്തരത്തിൽ ഒരു ട്രീറ്റ്‌മെന്റ് അവർ ആഗ്രഹിക്കുന്നുണ്ടാവാം. എന്നാൽ ചിത്രത്തിന്റെ ട്രീറ്റ്മെന്റ് ഇത്തരത്തിൽ ആണെന്ന് മനസിലാക്കിയാൽ ആരാധകർക്കും ചിത്രം ആസ്വദിക്കാൻ ആവും എന്നത് തീർച്ചയാണ്. ഫാൻസ് ഷോകൾക്ക് ശേഷം റെഗുലർ ഷോകൾ കണ്ടിറങ്ങുന്ന ആരാധകർ ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങുന്നുണ്ട് എന്ന് വേണം കരുതാൻ.

കുടുംബ പ്രേക്ഷകർ ഉൾപ്പെടെ ഉള്ളവർക്ക് ഇതൊരു ദൃശ്യ വിരുന്ന് തന്നെ ഒരുക്കും എന്നതിൽ സംശയമില്ല. തിരക്കഥയിലെ പോരായ്മകളെ എല്ലാം മറികടക്കാൻ ഉള്ളത് മലയാളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മികച്ച തിയേറ്റർ അനുഭവം നൽകുന്ന തരത്തിലുള്ള കടൽ രംഗങ്ങളും കപ്പൽ പോരാട്ടങ്ങളും യുദ്ധ രംഗങ്ങളും കൊണ്ട് മാത്രം സാധ്യമാകും. അത് കൊണ്ട് തിയേറ്ററിൽ നിന്ന് ഈ ചിത്രം ആസ്വദിക്കാൻ കഴിയുന്നില്ല എങ്കിൽ അത് സിനിമാ ആസ്വാദകർക്ക് നഷ്ടം എന്നതിൽ സംശയമില്ല.

ഒടിയൻ പോലുള്ള ചിത്രങ്ങൾക്ക് പോലും വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നപ്പോളും കുടുംബ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുകയും ബോക്സ് ഓഫീസിൽ ചിത്രം മികച്ച രീതിയിൽ മുന്നേറി വിജയം നേടുകയും ഉണ്ടായത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ട്. തിരക്കഥയിലെ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ടെക്‌നിക്കലി മികച്ചു നിൽക്കുന്നതും തീയേറ്ററിൽ തന്നെ കണ്ട് അസ്വദിക്കേണ്ട കടലിലും കരയിലും അരങ്ങേറുന്ന യുദ്ധ രംഗങ്ങളുമായി മരക്കാർ ദൃശ്യവിസ്മയം സമ്മാനിക്കുന്നത് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കും.

മോഹൻലാൽ ചിത്രം മരക്കാറിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും സിനിമാ ലോകവും…

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഭീമന്‍റെ വഴി’ തീയേറ്ററുകളിൽ…