വരവ് അറിയിച്ചോ ഈ വർഷത്തെ ആദ്യ മമ്മൂട്ടി ചിത്രം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന് ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അത് ചിത്രത്തിന്റെ ആദ്യ ദിന കേരളാ ഗ്രോസ് കളക്ഷനിലും പ്രതിഫലിച്ചു.
ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് നേടിയത് 1 കോടി 85 ലക്ഷം രൂപയാണ്. കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. രണ്ടാം ദിനവും മികച്ച തീയേറ്റർ പ്രതികരണം നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. എന്നാൽ രാത്രികാല ഷോകൾക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുന്നു എന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിന് പുറത്തുള്ള കളക്ഷൻ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ ഡിറ്റക്റ്റീവ് ഡൊമിനിക് ആയാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ആറാം ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, സുദേവ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഈ ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത് വിഷ്ണു ആർ ദേവ്, സംഗീതം ഒരുക്കിയത് ദർബുക ശിവ, എഡിറ്റിംഗ് നിർവഹിച്ചത് ആന്റണി എന്നിവരാണ്.