മമ്മൂട്ടി – ജീത്തു ജോസഫ് ടീം ഒന്നിക്കുന്നു?

മലയാളത്തിലെ സൂപ്പർ ഹിറ്റുകളുടെ അമരക്കാരനായ ജീത്തു ജോസഫ്, മെഗാസ്റ്റാർ മമ്മൂട്ടിയുമായി ആദ്യമായി കൈകോർക്കുന്നു എന്ന് വാർത്തകൾ. ജീത്തു ജോസഫ് മമ്മൂട്ടിയോട് ഒരു കഥ പറഞ്ഞുവെന്നും ആ കഥ മമ്മൂട്ടിക്ക് ഇഷ്ടപെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. ഒരു ഹൊറർ- ത്രില്ലർ ആയാവും ഈ മമ്മൂട്ടി- ജീത്തു ജോസഫ് ചിത്രം ഒരുങ്ങുക എന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
മോഹൻലാൽ നായകനായ ദൃശ്യം 3 ആണ് ഇനി ജിത്തു ജോസഫ് ഒരുക്കാൻ പോകുന്ന ചിത്രം. സെപ്റ്റംബർ അവസാനത്തോടെ ദൃശ്യം 3 ആരംഭിക്കും എന്നാണ് വിവരം. ഇത് കൂടാതെ ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രവും ജീത്തു ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ ഫോർ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ജീത്തു ജോസഫ് ചെയ്യുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ആസിഫ് അലി നായകനായ ‘മിറാഷ്’, ബിജു മേനോൻ- ജോജു ജോർജ് ടീം ഒന്നിക്കുന്ന ‘വലതു വശത്തെ കള്ളൻ’ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ജീത്തു ജോസഫ് ചിത്രങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ അഞ്ചു മാസത്തോളമായി അഭിനയ രംഗത്ത് നിന്ന് മാറി നിന്ന മമ്മൂട്ടി അടുത്ത മാസം തിരിച്ചു വരും. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ്” എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ മമ്മൂട്ടി സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി പൂർത്തിയാക്കും.
നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കിയ ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ചിത്രം സെപ്റ്റംബർ അവസാനമോ ഒക്ടോബര് ആദ്യമോ എത്തുമെന്നാണ് വിവരം. ഇത് കൂടാതെ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രമാണ് മമ്മൂട്ടി കമ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. അദ്ദേഹം ചിത്രങ്ങളുടെ എണ്ണം കുറക്കുമെന്നും സൂചനയുണ്ട്.