തമിഴകത്തിന് വീണ്ടും ഒരു മലയാളി വില്ലൻ; ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘എന്നൈ സുഡും പനി’ തിയേറ്ററുകളിൽ

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ‘എന്നൈ സുഡും പനി’ എന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ഇന്ന് (മാർച്ച് 21-ന്) തമിഴ് നാട്ടിൽ റിലീസ് ആയിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാളിയായ ധനീഷ് തമിഴ് സിനിമയിൽ വില്ലൻ വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്നു. എസ്.എൻ.എസ് പിക്ചേഴ്സിൻ്റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റാം സേവയാണ്, “എൻ കാതലി സീൻ പോഡുറ”, “വാഗൈ” എന്നിവയ്ക്ക് ശേഷം റാം സേവ സംവിധാനം ചെയുന്ന ചിത്രമാണിത്. നടരാജ് സുന്ദർരാജാണ് ചിത്രത്തിലെ നായകൻ. ഉപാസന ആർ.സി നായികയാവുന്നു.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷമായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൾട്ടൻ്റായും മൂവി കൺസൾട്ടൻ്റായും പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനോടകം തന്നെ “ടു സ്റ്റേറ്റ്സ്” എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് മലയാളികൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. എം.എൻ. നമ്പ്യാർ മുതൽ രാജൻ പി. ദേവ്, ദേവൻ, മുരളി, ലാൽ, കൊല്ലം തുളസി, സായികുമാർ, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ എന്നിങ്ങനെ നീളുന്നു ആ നിര. തമിഴ് സിനിമയിൽ മലയാളി വില്ലൻമാർ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കെ. ഭാഗ്യരാജ്, ചിത്ര ലക്ഷ്മണൻ, മനോബാല, തലൈവാസൽ വിജയ്, മുത്തുക്കലൈ, സിംഗംപുലി, കൂൾ സുരേഷ്, സുന്ദർരാജ്, ബില്ലി മുരളി, പളനി ശിവപെരുമാൾ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വെങ്കട്ടാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ഇളങ്കോവനാണ്, സംഗീത സംവിധാനം അരുൾ ദേവും, നൃത്ത സംവിധാനം സാൻഡി & രാധികയും നിർവഹിക്കുന്നു. പി. ശിവപ്രസാദാണ് സിനിമയുടെ വാർത്താ പ്രചരണം നടത്തുന്നത്.