“ലിജോയുടെ ലോകത്ത് അഴിഞ്ഞാടി മോഹൻലാൽ”; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം…
പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന വിശേഷണത്തോടെ പ്രഖ്യാപിക്കപ്പെട്ട ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ മലയാള സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റിലീസ് ചെയ്തു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയും പി എസ് റഫീക്കും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഒരു നാടോടിക്കഥപോലെ, ഫാന്റസിയും ഡ്രാമയും ഇടകലർത്തിയാണ് മലൈക്കോട്ടൈ വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നത്.
ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ മലൈക്കോട്ടൈ വാലിബൻ എന്ന ഒരു നാടോടിയായ യോദ്ധാവിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. വളർത്തച്ഛനും ഗുരുവുമായ അയ്യനാർ, അദ്ദേഹത്തിന്റെ മകനായ ചിന്നൻ എന്നിവർക്കൊപ്പം നാട് ചുറ്റുന്ന വാലിബന്റെ പരാജയമറിയാത്ത ജീവിതവും അദ്ദേഹം നേരിടുന്ന വെല്ലുവിളികളും അതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമാണ് ഈ ചിത്രം ഒരു അമർ ചിത്രകഥയിലെ ഏടുകൾ പോലെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് ലിജോ ജോസ് പെല്ലിശ്ശേരി അറിയപ്പെടുന്നത്. വാലിബൻ ഉൾപ്പെടെ പത്ത് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വ്യത്യസ്തമായതും മനോഹരമായതുമായ ചിന്തകൾ മുഴുവൻ നമ്മുക്ക് കാണിച്ചു തരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്ന് പറയാം. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായ ദൃശ്യങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്ന ആക്ഷൻ രംഗങ്ങളും ഒരുക്കി നമ്മുടെ മുന്നിലെത്തിച്ച ലിജോ ജോസ് പെല്ലിശ്ശേരി, ഒരിക്കൽ കൂടി കഥാഖ്യാനത്തിന്റെ പരമ്പരാഗത രീതികളെ തച്ചുടക്കുന്ന തന്റെ ശൈലിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്.
വൈകാരികതയും ഗാനങ്ങളും ആക്ഷനും മനോഹരമായ ദൃശ്യങ്ങളുമെല്ലാം കൃത്യമായ അളവിൽ കോർത്തിണക്കാൻ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സാധിച്ചപ്പോൾ മലൈക്കോട്ടൈ വാലിബൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിൽ ഒന്നായി മാറി. പതിഞ്ഞ താളത്തിൽ മുന്നോട്ട് നീങ്ങുന്ന ഈ ചിത്രത്തിന്റെ മേക്കിങ് ശൈലിയെ പഴയകാലത്തെ പാശ്ചാത്യ ചിത്രങ്ങൾ മുതൽ, തമിഴ്, ഹിന്ദി സിനിമകളിലെ പഴയകാല ക്ലാസിക്കുകൾ വരെ സ്വാധീനിച്ചിട്ടുണ്ട്. കാലവും ദേശവുമില്ലാതെ കഥയവതരിപ്പിച്ച ലിജോക്ക് അത് നൽകിയത് അനന്തമായ സ്വാതന്ത്ര്യമാണ്. അതിനെ പരിപൂർണമായി ഉപയോഗിച്ച അദ്ദേഹം സമ്മാനിച്ചത് കാലങ്ങൾക്കു ശേഷവും ചർച്ചയാവാൻ സാധ്യതയുള്ള ഒരു ചലച്ചിത്ര കാവ്യമാണ്. ആരാധകരെ ത്രസിപ്പിക്കുന്ന ഒരു മാസ്സ് ചിത്രമെന്നതിലുപരി സിനിമാ പ്രേമികളെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു ക്ലാസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ നമ്മുക്ക് തന്നത്. അപരാജിതനായ വാലിബനെന്ന യോദ്ധാവായി അക്ഷരാർത്ഥത്തിൽ അദ്ദേഹം ജീവിക്കുകയായിരുന്നു. ശരീര ഭാഷ കൊണ്ടും കണ്ണുകളുടെ ചലനങ്ങൾ കൊണ്ടും സൂക്ഷ്മ ഭാവങ്ങൾ കൊണ്ടുമെല്ലാം അദ്ദേഹം ഈ കഥാപാത്രത്തിന് പകർന്നു കൊടുത്ത പൂർണ്ണത വിസ്മയിപ്പിക്കുന്നതായിരുന്നു. തന്റെ ഈ പ്രായത്തിലും ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം കാഴ്ച വെച്ച ചടുലതയും വഴക്കവുമെല്ലാം ഞെട്ടിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ സിനിമയുടെ നട്ടെല്ലായി മാറിയത് മോഹൻലാലിൻറെ ഉജ്ജ്വല പ്രകടനമാണ്.
മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ കയ്യടി നേടിയ അഭിനേതാക്കൾ ഒരുപാടുണ്ട്. ഹരീഷ് പേരാടി, ഡാനിഷ് എന്നിവർ യഥാക്രമം അയ്യനാർ, ചമതകൻ എന്നീ കഥാപാത്രങ്ങളായി ശ്രദ്ധ നേടുമ്പോൾ, സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരികൃഷ്ണൻ, സുചിത്ര നായർ, സഞ്ജന, ഹരിപ്രശാന്ത് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി.
ഛായാഗ്രാഹകനായ മധു നീലകണ്ഠൻ ഒരുക്കിയ ദൃശ്യങ്ങൾ ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന നിലവാരം പുലർത്തിയപ്പോൾ ഈ ചിത്രത്തിലെ ഓരോ ദൃശ്യ ഖണ്ഡങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ ദൃശ്യങ്ങൾക്കൊപ്പം പ്രശാന്ത് പിള്ളൈ ഒരുക്കിയ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ ജീവനായി മാറുന്നുണ്ട്. ചിത്രം എഡിറ്റ് ചെയ്ത ദീപു ജോസഫും ഗംഭീരമായി തന്നെ തന്റെ ജോലി നിർവഹിച്ചു.
ചുരുക്കി പറഞ്ഞാൽ വ്യത്യസ്തമായ കഥ പറച്ചിലിലൂടെ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു ദൃശ്യ വിസ്മയമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ടീം നമ്മുക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഒരിക്കലും തീയേറ്ററുകളിൽ നിന്ന് നഷ്ട്ടപെടുത്തരുതാത്ത ഒരു സിനിമാനുഭവമെന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ടും, പ്രകടനം കൊണ്ടും, ആഴമുള്ള അർത്ഥ തലങ്ങളിലൂടെ സഞ്ചരിച്ചും, ഈ ചിത്രം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമെന്ന് തീർച്ച. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന മഹാപ്രതിഭയെ തുറന്നു വിടുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
Malaikottai Vaaliban Review in Malayalam