“കൈയ്യും മെയ്യും മറന്ന് വാലിബന് ഉയിര് കൊടുത്ത് മോഹൻലാൽ”; മേക്കിംഗ് വീഡിയോ പുറത്ത്…

ആക്ഷൻ രംഗങ്ങളിൽ എത്രയോ തവണ വിസ്മയിപ്പിച്ച നടൻ ആണ് മലയാളത്തിൻ്റെ മോഹൻലാൽ. അത് 63-ാം വയസിലും അദ്ദേഹം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ്റെ’ മേക്കിംഗ് വീഡിയോ തെളിയിക്കുന്നതും അതാണ്. കൈയ്യും മെയ്യും മറന്ന് വാലിബൻ എന്ന കഥാപാത്രത്തിന് ഉയിരു കൊടുക്കുന്ന മോഹൻലാൽ എന്ന് വിശേഷണം ആണ് ഈ മേക്കിംഗ് വീഡിയോയ്ക്ക് ചേരുക എന്ന് നിസംശയം പറയാം. മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി എടുത്ത കായിക അധ്വാനം എത്രത്തോളം ആണെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാകുകയാണ്.
വാലിബാൻ്റെ ലോകം സൃഷ്ടിക്കാനുള്ള ടീമിൻ്റെ വലിയ പരിശ്രമവും മേക്കിംഗ് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. മൈക്കിലൂടെ നിർദേശം നല്കുന്ന സംവിധായകന് ലിജോ ജോസ് പെല്ലിശേരിയെ വീഡിയോയിൽ ഉടനീളം കാണാൻ കഴിയും. ഡ്യൂപ്പില്ലാതെ വെല്ലുവിളി നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ മോഹൻലാൽ സ്വയം തന്നെ ചെയ്തത് തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ് . സമീപകാലത്ത്, ഇത്രത്തോളം എഫോർട്ട് മറ്റൊരു മോഹൻലാൽ ചിത്രവും ആവശ്യപ്പെട്ടിട്ട് ഇല്ല എന്നത് തീർച്ച.
