അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചല്ല മലൈക്കോട്ടൈ വാലിബൻ കണ്ടത്; പ്രശംസയുമായി അനുരാഗ് കശ്യപ്

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളെ അതിജീവിച്ചു കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ശരിയായ സ്വഭാവം തിരിച്ചറിഞ്ഞ പ്രേക്ഷകർ തീയേറ്ററുകളിലേക്ക് എത്തി തുടങ്ങിയതോടെ ലോകോത്തര നിലവാരത്തിലുള ഒരു ക്ലാസിക് ചിത്രമെന്ന അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മോഹൻലാലിൻറെ അതിഗംഭീര പ്രകടനത്തിനും ലോക സിനിമകളെ വെല്ലുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും, കഥയിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥ തലങ്ങൾക്കും ഇപ്പോൾ സിനിമാ പ്രേമികൾ കയ്യടിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വ്യത്യസ്തമായ ചലച്ചിത്ര പരീക്ഷണം സംഭവിച്ചിട്ടില്ല എന്ന അഭിപ്രായങ്ങളും മലൈക്കോട്ടൈ വാലിബനെ കുറിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ അനുരാഗ് കശ്യപ് ഈ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
താൻ മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ താൻ പ്രതീക്ഷിക്കുന്നത് അങ്കമാലി ഡയറീസോ, ഈ മ യൗവോ അല്ലെന്നും, അതിൽ ലിജോ എന്താണ് പുതിയതായി ചെയ്തിരിക്കുന്നതെന്നും, മോഹൻലാൽ എങ്ങനെയാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നതെന്നും കാണാനാണ് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തങ്ങൾ പ്രതീക്ഷിച്ച മോഹൻലാലും ലിജോയും ഇങ്ങനെയല്ല എന്ന് പ്രേക്ഷകർ പറയുമ്പോൾ ആ പ്രതീക്ഷകൾക്ക് കാരണം മോഹൻലാലോ ലിജോയോ അല്ല, അത് പ്രേക്ഷകർ തന്നെയാണെന്നും അനുരാഗ് കൂട്ടിച്ചേർത്തു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുമ്പോഴാണ് മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അനുരാഗ് കശ്യപ് പങ്ക് വെച്ചത്.