രജിനികാന്തിന് ഒപ്പം വിനായകനും; ‘ജയിലറി’ലെ നാല് താരങ്ങളുടെ പേര് നിർമ്മാതാക്കൾ പുറത്തുവിട്ടു…

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഓരോ ചിത്രങ്ങളുടെയും അപ്ഡേറ്റ്സ് അറിയാന്‍ ആരാധകർ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. ‘ജയിലർ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രവും അത്തരത്തിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ഈ രജനി ചിത്രം സൺ പിക്ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട നിർമ്മാതാക്കൾ ഷൂട്ടിങ് തുടങ്ങിയ വിവരവും അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ അവർ പുറത്തുവിട്ടിരുന്നില്ല.
നിർമ്മാതാക്കൾ ആയ സൺ പിക്ചേഴ്‌സ് ചിത്രത്തിലെ നാല് അഭിനേതാക്കളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്. താര നിരയിൽ മലയാളി സാന്നിദ്ധ്യവും ഉണ്ട്. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടികൾ നേടിയ നടൻ വിനായകൻ ആണ് ജയിലറിലെ മലയാളി സാന്നിദ്ധ്യം. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് താരം ഈ സിനിമയിൽ കൈകാര്യം ചെയ്യുക. വില്ലൻ വേഷമാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് മുൻപ് പുറത്തുവന്നിരുന്നു.
The cast of #Jailer💥
— Sun Pictures (@sunpictures) August 24, 2022
Welcome on board @meramyakrishnan @iYogiBabu @iamvasanthravi #Vinayakan@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/Umo5DevjWy
രമ്യ കൃഷ്ണൻ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുക ആണ്. പടയപ്പ, ബാബ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രജനിയും രമ്യയും ഒന്നിച്ചു അഭിനയിക്കുന്നത്. തമിഴ് സിനിമയിൽ തിളങ്ങുന്ന ഹാസ്യ താരം യോഗി ബാബു ആണ് ചിത്രത്തിലെ മറ്റൊരു താരം. ദർബാർ എന്ന ചിത്രത്തിൽ രജിനികാന്തിന് ഒപ്പം യോഗി ബാബു അഭിനയിച്ചിരുന്നു. റാം സംവിധാനം ചെയ്ത താരാമണി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ വസന്ത് രവിയും ജയിലറിന്റെ താര നിരയിൽ ഉണ്ട്. താരത്തിന്റെ മൂന്നാം ചിത്രമാണ് ഇത്. 2018ൽ അരങ്ങേറ്റം കുറിച്ച നടൻ 2021ൽ ‘റോക്കി’ എന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തിയിരുന്നു.
