മഹേഷ് നാരായണന്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിൽ വമ്പൻ താരനിര; അന്യഭാഷാ സൂപ്പർതാരവും ഭാഗമാകുന്നു?

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ശ്രീലങ്കയിൽ ആരംഭിച്ചു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ വളരെ പ്രാധാന്യമുള്ള ഒരു അതിഥി വേഷമാണ് ചെയ്യുന്നതെന്നാണ് സൂചന. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു.
ഇവരെ കൂടാതെ ഈ ചിത്രത്തിൽ സൂപ്പർ താരങ്ങളുടെ ഒരു വലിയ നിര ചെറുതും വലുതുമായ വേഷങ്ങളിൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര, മലയാള താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, നസ്ലൻ എന്നിവരൊക്കെ ഈ ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്.
ആറ് മാസത്തോളം സമയമെടുത്തു പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 80 കോടിയാണെന്ന് സൂചന. മോഹൻലാൽ 30 ദിവസം നൽകിയ ചിത്രത്തിന് മമ്മൂട്ടി 100 ദിവസങ്ങളാണ് നല്കിയിരിക്കുന്നതെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ട്വന്റി ട്വന്റിക്കു ശേഷം മലയാളത്തിൽ സംഭവിക്കുന്ന മറ്റൊരു വമ്പൻ മൾട്ടി സ്റ്റാർ ചിത്രമായി ഈ മഹേഷ് നാരായണൻ ചിത്രം മാറിയിരിക്കുകയാണ്.
ശിവരാജ് കുമാർ, നയൻതാര ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രത്തിലെ സാന്നിധ്യത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ശ്രീലങ്ക, കേരളം, ഷാർജ, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്യുക. ശ്രീലങ്ക ഷെഡ്യൂളിന് ശേഷം ചിത്രം ഷാർജയിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നാണ് സൂചന.