ലോകേഷ് കനകരാജ് ചിത്രത്തിൽ വീണ്ടും ഫഹദ് ഫാസിൽ?; രാഘവ ലോറൻസ് നായകൻ, ഒപ്പം എസ് ജെ സൂര്യയും…
വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ തമിഴിലും വൻ ജനപ്രിയത നേടിയെടുത്ത മലയാള സിനിമാ താരമാണ് ഫഹദ് ഫാസിൽ. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും വലിയ കയ്യടി നേടിയെടുത്തിരുന്നു. അത് കൂടാതെ മാമന്നൻ എന്ന ചിത്രവും ഫഹദിന് വലിയ ജനപ്രീതി അവിടെ നേടിക്കൊടുത്തു.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായ ഫഹദ് രജനികാന്ത് നായകനായ വേട്ടയ്യാൻ എന്ന ചിത്രത്തിലും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസിൽ വീണ്ടും ഒന്നിക്കാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. ലോകേഷ് കനകരാജ് കഥ രചിച്ച് ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക എന്നാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രാഘവ ലോറൻസ് നായകനായി എത്തുന്ന ബെൻസ് എന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം എസ് ജെ സൂര്യയും പ്രത്യക്ഷപ്പെടുമെന്നും വാർത്തകൾ പറയുന്നു. ഏതായാലും അന്യ ഭാഷാ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലറായി മാറുകയാണ് ഫഹദ് ഫാസിൽ. അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് ഫഹദ് ഫാസിൽ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള തെലുങ്ക് ചിത്രം. ഇത് കൂടാതെ രണ്ട് പുതിയ തെലുങ്ക് ചിത്രങ്ങളും അടുത്തിടെ ഫഹദ് പ്രഖ്യാപിച്ചിരുന്നു.
ഇത് കൂടാതെ ബോളിവുഡിലും ഫഹദ് ഫാസിൽ അരങ്ങേറ്റം കുറിച്ചേക്കാമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുകദോസ് ഒരുക്കാൻ പോകുന്ന സിക്കന്ദർ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ, തമിഴ് താരം സത്യരാജ് എന്നിവർ വേഷമിടുക എന്നാണ് സൂചന. അൽത്താഫ് സലിം ഒരുക്കിയ ഓടും കുതിര ചാടും കുതിര, അമൽ നീരദ് ഒരുക്കിയ ബൊഗൈൻവില്ല എന്നിവയാണ് ഫഹദ് ഫാസിലിന്റെ അടുത്ത മലയാളം റിലീസുകൾ.