in

‘ലോക’യ്ക്ക് സർവ്വകാല റെക്കോർഡ്; നേടിയത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ

‘ലോക’യ്ക്ക് സർവ്വകാല റെക്കോർഡ്; നേടിയത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ സ്വന്തമാക്കി. റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളിൽ 267 കോടി രൂപയുടെ ആഗോള കളക്ഷനാണ് ചിത്രം നേടിയത്. മോഹൻലാൽ ചിത്രമായ എമ്പുരാന്റെ റെക്കോർഡ് ആണ് ലോക മറികടന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത്.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ഫാന്റസി ചിത്രം, കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ സാങ്കേതിക നിലവാരം ഉയർത്തിയ ഈ ചിത്രം, അന്താരാഷ്ട്ര നിലവാരമുള്ള വിഷ്വലുകളും സംഗീതവും കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ റോളിലെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആഗോള കളക്ഷൻ എന്ന ചരിത്ര നേട്ടവും ‘ലോക’ സ്വന്തമാക്കി.

ചിത്രത്തിൻ്റെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമയായി മാറി. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപയിലേറെയാണ് ചിത്രം നേടിയത്.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും അഭിനയിച്ചു. ദുൽഖർ സൽമാന്റെയും ടോവിനോ തോമസിന്റെയും അതിഥി വേഷങ്ങളും മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.

അഞ്ച് ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ തുടക്കമെന്ന നിലയിലും ‘ലോക’ ശ്രദ്ധേയമാണ്. നിർമ്മാതാവെന്ന നിലയിൽ ദുൽഖർ സൽമാൻ കാണിച്ച ധൈര്യത്തെയും ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും സിനിമാലോകം ഒരുപോലെ പ്രശംസിക്കുന്നുണ്ട്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ചരിത്രവും നിഗൂഢതയും ഇഴചേർത്ത് ‘വള’; തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നോട്ട്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം മലയാളത്തിലേക്ക്; ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്