in

മലയാളത്തിന് നാലാമത്തെ 200 കോടി ചിത്രം; പതിമൂന്നാം നാൾ റെക്കോർഡ് നേട്ടവുമായി ‘ലോക’ 

മലയാളത്തിന് നാലാമത്തെ 200 കോടി ചിത്രം; പതിമൂന്നാം നാൾ റെക്കോർഡ് നേട്ടവുമായി ‘ലോക’. 

ദുൽഖർ സൽമാന്റെ നിർമ്മാണ സംരംഭമായ വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ആഗോള ബോക്സ് ഓഫീസിൽ 200 കോടി കളക്ഷൻ പിന്നിട്ടു. റിലീസ് ചെയ്ത് വെറും 13 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ മലയാള ചിത്രമെന്ന അപൂർവ്വ ഖ്യാതിയും ‘ലോക’ സ്വന്തമാക്കി. നേരത്തെ, ഏഴ് ദിവസം കൊണ്ട് 100 കോടി നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഫാന്റസി ത്രില്ലർ, കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു നായികാ കേന്ദ്രീകൃത ചിത്രത്തിന് ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡും ‘ലോക’ ഇതിനോടകം നേടിയിട്ടുണ്ട്. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യത ലഭിച്ച സിനിമയുടെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്.

അഞ്ച് ഭാഗങ്ങളിലായി എത്തുന്ന ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ലോക’. കേരളത്തിന്റെ ഐതിഹ്യമാലയിലെ കള്ളിയങ്കാട്ട് നീലി എന്ന സങ്കൽപ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ഈ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രത്തിൽ ‘മൂത്തോൻ’ എന്ന അതിശക്തമായ കഥാപാത്രമായി മമ്മൂട്ടി എത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നിരുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് അണിയറ പ്രവർത്തകർ ഈ വാർത്ത പുറത്തുവിട്ടത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളനി’ൽ കരുത്തുറ്റ പോലീസ് ഓഫീസറായി ബിജു മേനോൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘ബൾട്ടി’യിലെ ‘ഗീ മാ’ ആയി വൻ മേക്കോവറിൽ പൂർണിമ ഇന്ദ്രജിത്ത്; ക്യാരക്ടർ പോസ്റ്റർ പുറത്ത്