ലേലം 2: രണ്ടാം വരവിൽ ചാക്കോച്ചിക്ക് കൂട്ട് പഴയ നായിക തന്നെ!
ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുക ആണ് പ്രേക്ഷകർ. സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ ആകും സുരേഷ് ഗോപിയുടെ തിരിച്ചു വരവ് എന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുക ആണ്. ചാക്കോച്ചി എന്ന ജനപ്രിയ കഥാപാത്രമായി സുരേഷ് ഗോപി ഒരിക്കൽ കൂടി വരുമ്പോൾ പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് നിതിൻ രഞ്ജി പണിക്കർ ആണ്. നായികയായി ആര് എത്തും എന്ന് അറിയാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുമ്പോൾ അതിനുള്ള ഉത്തരവും ഇപ്പോൾ ലഭ്യമായിരുന്നു. ആദ്യ ഭാഗത്തിലെ നായിക തന്നെ ആണ് രണ്ടാം ഭാഗത്തിലും എത്തുക.
ജോഷിയുടെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ലേലത്തിൽ നന്ദിനി ആയിരുന്നു നായിക. ഗൗരി പാർവതി എന്ന കഥാപാത്രത്തെ ആണ് നന്ദിനി അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തെ തന്നെ താരം രണ്ടാം ഭാഗത്തിലും അവതരിപ്പിക്കും. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെ ആണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്.
ലേലം 2 വിന്റെ ഭാഗം ആകുന്നതിൽ സന്തോഷം ഉണ്ടെന്നും വളരെ എക്സിക്റ്റഡ് ആണ് താൻ എന്നും നന്ദിനി പ്രതിരകരിച്ചിരുന്നു. രണ്ടാം ഭാഗം ഒന്നാം ഭാഗത്തിനേക്കാൾ മികച്ചത് ആകുമെന്ന് വിശ്വസിക്കുന്നു എന്നും നന്ദിനി പറഞ്ഞു.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപിയും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ചാക്കോച്ചി എന്ന കഥാപാത്രത്തിന്റെ മകന്റെ വേഷത്തിൽ ആയിരിക്കും ഗോകുൽ എത്തുക എന്നായിരുന്നു വാർത്തകൾ. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ കരിയറിലെ മാസ് കഥാപാത്രത്തിനൊപ്പം മകൻ ഗോകുലും എത്തുമോ എന്നറിയാൻ കാത്തിരിക്കുക ആണ് സിനിമാ പ്രേക്ഷകർ.