‘നുണ പറയേണ്ടി വന്നില്ല, പേരൻപ് മികച്ചത്, മമ്മൂക്കയുടെ അഭിനയമുഹൂർത്തങ്ങൾ പാഠപുസ്തകം’ – ലാൽ
മമ്മൂട്ടി എന്ന നടന്റെ മഹാ നടനം ഒരിക്കൽ കൂടി കണ്ടതിന്റെ ആവേശത്തിൽ ആണ് മലയാളം – തമിഴ് സിനിമാ ലോകം. ഇത് സാധ്യമായത് തമിഴ് ചിത്രമായ പേരൻപിലൂടെയും. സിനിമാ പ്രവർത്തകരിൽ നിന്ന് പ്രശംസകൾ വാരി കൂട്ടുക ആണ് ചിത്രം. ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടതിന്റെ അനുഭവം നടൻ ലാലും പങ്കുവെച്ചു. ഫേസ്ബുക് പോസ്റ്റിൽ ആണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.
പ്രീമിയർ ഷോ കാണാൻ ഉള്ള ക്ഷണം കിട്ടിയപ്പോൾ മുതൽ താൻ അസ്വസ്ഥൻ ആയിരുന്നു എന്ന് ലാൽ പറയുന്നു. സിനിമ മോശം ആയിരുന്നാലും അതിന്റെ അണിയറപ്രവർത്തകരോടും മറ്റും സിനിമ തനിക്ക് ഇഷ്ടമായില്ലെങ്കിൽ കൂടി നുണ പറയേണ്ടി വരും എന്നത് ആണ് ഇതിനു കാരണം എന്ന് ലാൽ പറഞ്ഞു. എന്നാൽ ദൈവം തന്റെ പ്രാർത്ഥന കേട്ടെന്നും നുണ പറയേണ്ട ആവശ്യം വന്നില്ലെന്നും പേരൻപ് മികച്ച സിനിമ ആണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
മഹനായ ആ നടനൊപ്പവും മറ്റു അഭിനേതാക്കൾക്ക് ഒപ്പവും സാങ്കേതിക പ്രവർത്തകർക്ക് ഒപ്പവും സിനിമ കാണാനുള്ള ഭാഗ്യം കിട്ടിയെന്നും ലാൽ കുറിക്കുന്നു.
‘അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ഈ സിനിമയിലെ ഓരോ അഭിനയമുഹൂർത്തവും. പ്രത്യേകിച്ച് മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ… തീര്ച്ചയായും കാണണം.’– ലാൽ പറയുന്നു.
റാം സംവിധാനം ചെയ്ത പേരൻപ് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേ നേടിയത്തിനു ശേഷം ആണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം നാളെ ആണ് തീയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ സാധന, അഞ്ജലി, അഞ്ജലി ആമിർ, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ.