ദളപതിയും മക്കള്‍ സെല്‍വനും മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനായി ഒന്നിക്കുന്നു?
മാസ്റ്റർ ഡയറക്ടർ മണി രത്‌നം വീണ്ടും ഒരു മൾട്ടിസ്റ്റാർ ചിത്രവുമായി എത്താൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെക്ക ചിവന്ത വാനം എന്ന മൾട്ടിസ്റ്റാർ ചിത്രം നേടിയ വിജയത്തിന് ശേഷം മണിരത്‌നം ഒരുക്കാൻ പോകുന്നത് തന്റെ ഡ്രീം പ്രൊജക്റ്റ് ആയ പൊന്നിയിൽ സെൽവൻ ആണെന്നാണ് വാർത്തകൾ വരുന്നത്.
കൽക്കി കൃഷ്ണമൂർത്തി രചിച്ച അഞ്ചു ഭാഗങ്ങൾ ഉള്ള ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിനു ആണ് മണി രത്‌നം ഒരുങ്ങുന്നതെന്ന സൂചന ലഭിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയി. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത് ഒരു വമ്പൻ താര നിരയെ തന്നെയാണ് മണിരത്‌നം ഈ ചിത്രത്തിൽ അണിനിരത്തുന്നത് എന്നാണ്.
ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഈ ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കും എന്ന് വാർത്തകൾ വരുന്നുണ്ട്. ഇതിലെ കഥാപാത്രത്തിനായി വിജയ്‌യുടെ ലുക്ക് ടെസ്റ്റ് ചെന്നൈയിൽ കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ ആറ്റ്ലി ചിത്രത്തിൽ ഫുട്ബാൾ കോച്ച് ആയി അഭിനയിക്കുകയാണ് വിജയ്. മണി രത്‌നം ചിത്രത്തിൽ വിജയ്, വിജയ് സേതുപതി എന്നിവരെ കൂടാതെ ചിയാൻ വിക്രം, ദുൽഖര്‍ സൽമാൻ, ഐശ്വര്യ റായ്, ജയം രവി എന്നിവരും ഉണ്ടാകും എന്നും സൂചനകൾ പറയുന്നു .
മണിരത്‌നത്തിന്റെ മദ്രാസ് ടാകീസും ലൈക്ക പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനും ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും ആയിരിക്കും എന്നാണ് സൂചന. നൂറു കോടിക്ക് മുകളിൽ ആവും ഇതിന്റെ ബജറ്റ് എന്നും വാർത്തകൾ ഉണ്ട്.