സബ് ഇൻസ്പെക്ടർ ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം L366 ഫസ്റ്റ് ലുക്ക് പുറത്ത്.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ L366 ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. പേട്ട സബ് ഇൻസ്പെക്ടർ ടി എസ് ലൗലജനായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിടുന്നത്. അതീവ രസകരമായ ലുക്കിലാണ് മോഹൻലാലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കയ്യിൽ അഴിച്ചുവെച്ച ഷൂസ്, കാലിൽ ഹവായ് ചെരുപ്പ്, എന്നിവയുമായി പോലീസ് യൂണിഫോമിൽ മുഖത്ത് രസകരമായ ഭാവവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചത്. കോമഡിക്കു പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നതെന്നും സൂചനയുണ്ട്. മീശ പിരിച്ച ലുക്കിൽ മോഹൻലാൽ വീണ്ടുമെത്തുന്ന ചിത്രം രചിച്ചത് രതീഷ് രവി.
ഷാജി കുമാർ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ ഡയറക്ടർ ബിനു പപ്പു. മീര ജാസ്മിൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഇർഷാദ് അലി, ജഗദീഷ്, പ്രമോദ് വെളിയനാട് തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇൻഡസ്ട്രി ഹിറ്റായ “തുടരും” ആണ് മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ആദ്യം എത്തിയ ചിത്രം. തൊടുപുഴ, ശബരിമല, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഈ വർഷം മെയ് മാസത്തോടെ L366 പൂർത്തിയാവും. ഒരു വലിയ ഇടവേയ്ക്ക് ശേഷമാണു മോഹൻലാൽ പോലീസ് യൂണിഫോമിൽ എത്തുന്നത് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

