“ലാലേട്ടന് വേണ്ടി മാത്രം എഴുതപ്പെട്ട സിനിമ”; L360 എന്ന വിളി നവംബർ 8ന് അവസാനിക്കും, പ്രതീക്ഷയോടെ ആരാധകർ…

മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം അണിയറപ്രവർത്തകർ അറിയിച്ചു കഴിഞ്ഞു. L360 എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് 99 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്. സംവിധായകൻ തരുൺ മൂർത്തിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചിരുന്നു. നവംബർ 8ന് ചിത്രത്തിൻ്റെ ഒരു അപ്ഡേറ്റ് വരും എന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ ചിത്രത്തിന് പിന്നിലെ യാത്രയെക്കുറിച്ച് അസിസ്റ്റൻ്റ് ഡയറക്ടർ മോഹിത് കൃഷ്ണ തുറന്ന് എഴുതിയിരിക്കുകയാണ്. 2023 ജനുവരിയിൽ ആണ് ചിത്രം തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്ന് എഴുതാൻ ആരംഭിച്ചത് എന്നും ഈ സിനിമ തന്നെ സംഭവിക്കുമെന്നോ എന്നുള്ള യാതൊരു ഉറപ്പുമില്ലാതെ തുടങ്ങിയ ശ്രമമായിരുന്നു അതെന്നും മോഹിത് വെളിപ്പെടുത്തി. കൂടാതെ, ഇത് ലാലേട്ടന് വേണ്ടി മാത്രം എഴുതപ്പെട്ട സിനിമ ആണെന്ന് മോഹിത് കുറിക്കുന്നു. പേഴ്സണൽ ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ലാലേട്ടന് വേണ്ടിയുള്ള ഈ ശ്രമമാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം തന്നത് എന്നും മോഹിത് പറയുന്നു.

മോഹിത് കൃഷ്ണയുടെ കുറിപ്പിന്റെ പൂർണരൂപം: “സൗദി വെള്ളക്ക കഴിഞ്ഞു ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് 2023 ജനുവരി തൊട്ട് ഈ സിനിമയുടെ എഴുത്ത് തരുൺ ചേട്ടൻ, സുനിൽ ചേട്ടനോടൊപ്പം തുടങ്ങുന്നത്. എന്ന് സംഭവിക്കുമെന്നോ എങ്ങനെ സംഭവിക്കുമെന്നോ, അല്ലെങ്കിൽ ഈ സിനിമ തന്നെ സംഭവിക്കുമെന്നോ എന്നുള്ള യാതൊരു ഉറപ്പുമില്ലാതെ തുടങ്ങിയ ഒരു ശ്രമമാണ് ഇപ്പോൾ 99 ദിവസത്തെ ഷൂട്ട് കഴിഞ്ഞു പാക്കപ്പ് ആയിരിക്കുന്നത്.
പേഴ്സണൽ ലൈഫിൽ കുറേയധികം പ്രശ്നങ്ങളും കൺഫ്യൂഷൻസും ഒക്കെ ഉണ്ടായിരുന്നപ്പോഴും ലാലേട്ടന് വേണ്ടിയുള്ള ഈ ശ്രമമാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം തന്നത് എപ്പോഴും. ഇനിയും കുറെയേറെ പറയാനുണ്ട്… അതെല്ലാം ബാക്കി വർക്കുകൾ തീർത്ത്, പുറത്തിറങ്ങുന്ന ഈ സിനിമ സംസാരിക്കും😊. ദിസ് വൺ ഈസ് സ്പെഷ്യൽ😊. ലാലേട്ടന് വേണ്ടി, ലാലേട്ടന് മാത്രമായി എഴുതപ്പെട്ട ഒരു സിനിമ ❤️. അവസാനമായി L360 എന്ന് വിളിച്ചു കൊണ്ടു നിർത്തുന്നു”

ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് തരുണും കെ ആർ സുനിലും ചേർന്നാണ്. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായി വേഷമിടുന്ന ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 8ന് ചിത്രത്തിന്റെ ടൈറ്റിലും ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങും.