കേരളത്തിൽ മാത്രമല്ല, ഓവർസീസിലും തീപ്പൊരി പാറിക്കാൻ എമ്പുരാൻ; ബുക്കിംഗ് ആരംഭിച്ചു, ഷോകൾ സോൾഡ് ഔട്ട് ആകുന്നു, ചരിത്ര നേട്ടം!

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയിച്ചൊരുക്കിയ ‘എമ്പുരാൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിനു മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. ചിത്രത്തിന്റെ ഓവർസീസ് തിയേറ്ററിക്കൽ അഡ്വാൻസ് ഇതിനോടകം തന്നെ 30 കോടി കടന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് വിവരങ്ങളും ബുക്കിങ് അപ്ഡേറ്റ്സും ഒക്കെ പുറത്തുവന്നിരിക്കുക ആണ്.
സൈബർസിസ്റ്റംസ് ഓസ്‌ട്രേലിയ എമ്പുരാന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ജിസിസി, അമേരിക്ക എന്നിവിടങ്ങൾ ഒഴികെയുള്ള രാജ്യങ്ങളിലാണ് സൈബർസിസ്റ്റംസ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. 11 വർഷമായി ഓവർസീസ് വിതരണ രംഗത്ത് സജീവമായ ഷിബു ജോണിന്റെ നേതൃത്വത്തിലുള്ള സൈബർസിസ്റ്റംസ് ഓസ്ട്രേലിയയുടെ ആദ്യത്തെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് നേട്ടമാണിത്. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്.
മാർക്കോ, ബാറോസ്, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈകൊട്ടെ വാലിബൻ, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ്. ഇതാദ്യമായാണ് എമ്പുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്.
റിലീസിന് പത്ത് ദിവസങ്ങൾ ബാക്കിനിൽക്കെ, യുഎസ്, കാനഡ പ്രീ-സെയിലുകളിലൂടെ മാത്രം ഒരു കോടി രൂപയിൽ അധികം കളക്ഷൻ നേടിക്കഴിഞ്ഞു. നോർത്ത് അമേരിക്കയിൽ പ്രീമിയർ സെയിൽസ് 90K ഡോളർ കളക്ഷൻ പിന്നിട്ടു കഴിഞ്ഞു. 10 ദിവസങ്ങൾ ഇനിയും ബാക്കി നിൽക്കേ ഇത് മലയാളത്തിലെ സർവ്വകാല റെകോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. യുകെ, ജിസിസി പ്രീ ബുക്കിംഗ് ആരംഭിച്ചതോടെ കളക്ഷൻ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡയിൽ റിലീസിന് പത്ത് ദിവസം മുൻപേ ബുക്കിംഗുകൾ പൂർത്തിയായതും മറ്റൊരു റെക്കോർഡ് നേട്ടമാണ്. വിജയ്, രാജമൗലി ചിത്രങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് അവിടെ അർദ്ധരാത്രി പ്രദർശനങ്ങൾ നടത്തുന്നത്.
കൂടാതെ, ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആദ്യ ഭാഗമായ ‘ലൂസിഫർ’ മാർച്ച് 20ന് റീ-റിലീസ് ചെയ്യാനും അണിയറപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 27ന് റിലീസ് ചെയ്യുന്ന എമ്പുരാൻ ഇന്ത്യയിൽ പുലർച്ചെ 6 മണിക്കാണ് ആദ്യ പ്രദർശനം ആരംഭിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനവും സുജിത് വാസുദേവ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അഖിലേഷ് മോഹനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മോഹൻദാസാണ് കലാസംവിധാനം. വാർത്താ പ്രചാരണം: പി ശിവപ്രസാദ്.