അമ്മയുടെ ശബ്ദം പാട്ടായി എത്തി; വൈകാരികമായി കെജിഎഫ് 2വിലെ രണ്ടാം ഗാനം…
കെജിഎഫ് ചാപ്റ്റർ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിന് ഒരുങ്ങുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ആണ്. ചിത്രത്തിന്റെ ട്രെയിലറും ആദ്യ ഗാനവും വലിയ തരംഗം ആണ് സൃഷ്ടിച്ചത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചകൾ നേടിയ ഇന്ത്യൻ ട്രെയിലർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയിലറുകൾ.
ഇപ്പോളിതാ ചിത്രത്തിലെ രണ്ടാം ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്. ഒന്നാം ഗാനം മാസ് ആയിരുന്നു എങ്കിൽ രണ്ടാം ഗാനം അമ്മയുടെ ശബ്ദമാണ് എന്ന് വിശേഷിപ്പിക്കാം. ലിറിക്കൽ വീഡിയോയായി ഇറങ്ങിയ ഗാനം കാണാം:
മാസ് ഗാനങ്ങൾക്ക് ഒപ്പം തന്നെ പ്രേക്ഷകർ സ്വീകരിച്ച ഒരു അമ്മ ഗാനം കെജിഎഫ് ചാപ്റ്റർ 1ലും ഉണ്ടായിരുന്നു. അതിന്റെ തുടർച്ച എന്നോണം ആണ് ഈ ഗാനവും. ‘ഗഗനം നീ’ എന്ന ഈ ഗാനം അന്ന ബേബി ആണ് ആലപിച്ചിരിക്കുന്നത്. സുധാമ്സുവിന്റെ വരികൾക്ക് രവി ബസ്റൂർ സംഗീതം പകർന്നിരിക്കുന്നു. വൈകാരികമായി പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കാൻ ഈ ഗാനത്തിന് കഴിയും എന്നത് തീർച്ചയാണ്.
ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീനിധി ഷെട്ടി നായിക ആവുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ, അയ്യപ്പ പി. ശർമ്മ, റാവു രമേഷ്, ഈശ്വരി റാവു, അർച്ചന ജോയിസ്, ടി എസ് നാഗാഭരണ, ശരൺ, അവിനാഷ്, ലക്കി ലക്ഷ്മൺ, വസിഷ്ഠ സിംഹ, ഹരീഷ് റായ്, ദിനേശ് മംഗലാപുരം, താരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശർമ്മ മോഹൻ ജുനേജ, ഗോവിന്ദ ഗൗഡ, ജോൺ കൊക്കൻ, ശ്രീനിവാസ് മൂർത്തി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.