അഞ്ച് വർഷത്തെ കാത്തിരിപ്പ്, ഹോളിവുഡ് നിലവാരത്തിൽ ദൃശ്യങ്ങൾ; കത്തനാർ ടീസർ ട്രെയിലർ

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കത്തനാർ’ സിനിമയുടെ ടീസർ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോജിൻ തോമസാണ്. ഒൻപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പിരീഡ് ഫാന്റസി ചിത്രം, ഇതുവരെ മലയാളം കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമായിരിക്കും സമ്മാനിക്കുക എന്ന സൂചനയാണ് ടീസർ ട്രെയിലർ നൽകുന്നത്.
ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ ചിത്രം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആർ. രാമാനന്ദും റോജിൻ തോമസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം, നമ്മൾ കേട്ടറിഞ്ഞ കടമറ്റത്തു കത്തനാരുടെ കഥകളെ ആഴത്തിൽ പഠിച്ച് തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയിലാണ് അവതരിപ്പിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന വിഎഫ്എക്‌സും ദൃശ്യഭംഗിയുമാണ് ടീസർ ട്രെയിലറിന്റെ പ്രധാന ആകർഷണം. രാഹുൽ സുബ്രഹ്മണ്യന്റെ പശ്ചാത്തല സംഗീതം ദൃശ്യങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. വസ്ത്രാലങ്കാരം, മേക്കപ്പ്, കലാസംവിധാനം, ശബ്ദമിശ്രണം എന്നിങ്ങനെ എല്ലാ മേഖലകളിലും അന്താരാഷ്ട്ര നിലവാരം പുലർത്താൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പേർ അഞ്ച് വർഷത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്ന് സംവിധായകൻ റോജിൻ തോമസ് വ്യക്തമാക്കി.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തിനായി നടൻ ജയസൂര്യ തന്റെ കരിയറിലെ നാല് വർഷമാണ് മാറ്റിവെച്ചത്. ജയസൂര്യയ്‌ക്കൊപ്പം തെലുങ്ക് താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 15 ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം മലയാള സിനിമയെ പുതിയൊരു തലത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും രാജീവൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
ആക്ഷൻ ഡിസൈൻ – റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് – സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് – ശാലം, ഗോപേഷ് ശരത്, മേക്കപ്പ് – റൊണക്സ് സേവ്യർ, വസ്ത്രങ്ങൾ – അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രഫി – അജിത് എ ജോർജ്, കളറിസ്റ്റ് – ലൂക്കാസ്, വിഎഫ്എക്സ് ആൻഡ് ഡിഐ സ്റ്റുഡിയോ – പോയറ്റിക് , പിആർഒ – ശബരി, വാഴൂർ ജോസ്.

