in , ,

ഇത്തവണ ആക്ഷൻ വെടിക്കെട്ട്, പതിവ് ശൈലി മാറ്റി വിനീത് ശ്രീനിവാസൻ; ‘കരം’ ട്രെയിലർ

ഇത്തവണ ആക്ഷൻ വെടിക്കെട്ട്, പതിവ് ശൈലി മാറ്റി വിനീത് ശ്രീനിവാസൻ; ‘കരം’ ട്രെയിലർ

പ്രേക്ഷകരുടെ പ്രിയ സംവിധായകൻ വിനീത് ശ്രീനിവാസൻ തൻ്റെ പതിവ് ശൈലിയിൽ നിന്ന് മാറി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘കര’ത്തിൻ്റെ ഉദ്വേഗഭരിതമായ ട്രെയിലർ പുറത്തിറങ്ങി. രക്തരൂക്ഷിതമായ സംഘട്ടന രംഗങ്ങളും ആകാംഷ നിറഞ്ഞ നിമിഷങ്ങളും കോർത്തിണക്കിയ ട്രെയിലർ, വിനീതിൽ നിന്ന് പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. നോബിൾ ബാബു തോമസ് നായകനാവുന്ന ചിത്രം സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിൻ്റെ മെറിലാൻഡ് സിനിമാസും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാണ രംഗത്ത് സജീവമാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘കര’ത്തിനുണ്ട്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന രണ്ടാമത്തെ ത്രില്ലർ ചിത്രമാണിത്.

മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലറായ ‘സിഐഡി’ (1955) നിർമ്മിച്ച് 70 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മെറിലാൻഡ് സിനിമാസ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത് എന്നത് കൗതുകകരമാണ്. പ്രണയവും കുടുംബബന്ധങ്ങളും പറഞ്ഞിരുന്ന വിനീത് ഒരു ആക്ഷൻ ത്രില്ലറുമായി എത്തുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ്.

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ജോർജിയ, റഷ്യ, അസർബൈജാൻ അതിർത്തികൾ എന്നിവിടങ്ങളിലാണ്. ഒരു വർഷത്തോളം നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും ഏതാനും ദിവസത്തെ ചിത്രീകരണം നടന്നു.

ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായകനായ നോബിൾ ബാബു തോമസ് തന്നെയാണ്. ‘ഹെലൻ’ സിനിമയുടെ സഹരചയിതാവും ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം’ സിനിമയുടെ നിർമ്മാതാവുമായിരുന്നു നോബിൾ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുമ്പോൾ രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. ‘തട്ടത്തിൻ മറയത്ത്’, ‘തിര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫാർസ് ഫിലിംസാണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർമാർ – പാർവതി കെ. മധു, മാധവ് രമേശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രാവൺ കൃഷ്ണകുമാർ, ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ – മാക്ക് ഈറാക്ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്), വസ്ത്രാലങ്കാരം – മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ – ഷാരൂഖ് റഷീദ്, സംഘട്ടനം – ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്ലി സബനാഡ്സെ, പ്രൊഡക്ഷൻ ഡിസൈനർ – വിനോദ് രവീന്ദ്രൻ, കലാസംവിധാനം – അരുൺ കൃഷ്ണ, മേക്കപ്പ് – മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – അഭയ് വാരിയർ, സ്റ്റിൽസ് – അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ – വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ – ആതിര ദിൽജിത്ത്.

‘ദ കിംഗ് ഈസ് ബാക്ക്’: ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; സിനിമാലോകം ആവേശത്തിൽ

സെൻസറിങ് പൂർത്തിയാക്കി മോഹൻലാലിൻറെ ‘ഹൃദയപൂർവം’; അതിഥി വേഷത്തിൽ ബേസിൽ ജോസഫും