റിലീസ് ദിനത്തിൽ നടന്നത് 135 ലേറ്റ് നൈറ്റ് ഷോകൾ; ‘കൽക്കി 2898 എഡി’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു…
വൻ ഹൈപ്പോടെ കഴിഞ്ഞ ദിവസം (2024 ജൂൺ 27) തിയേറ്ററുകളിൽ എത്തിയ പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യ്ക്ക് വൻ വരവേൽപ്പ് ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ 135 ലേറ്റ് നൈറ്റ് ഷോകളാണ് അഡീഷണലായി കേരളത്തിലുടനീളം കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയത്. ഇംപാക്റ്റ് ഉണ്ടാക്കുന്ന വേഷങ്ങളിൽ മലയാളത്തിന്റെ താരങ്ങൾ എത്തിയത് പ്രേക്ഷകർക്ക് വൻ ആവേശമായി മാറി. ശോഭന, ദുൽഖർ സൽമാൻ, അന്ന ബെൻ തുടങ്ങിയ താരങ്ങൾ ആയിരുന്നു മലയാളത്തിൽ നിന്ന് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായത്.
ഹിന്ദു പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ സയൻസ് ഫിക്ഷൻ ചിത്രം ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച ചിത്രം പ്രേക്ഷകർക്ക് അതിഗംഭീര വിഷ്യൽ ട്രീറ്റ് സമ്മാനിക്കുക ആണ്. അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ഉൾപ്പെടെ നിരവധി താരങ്ങൾ സർപ്രൈസ് വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ഭൈരവ’ എന്ന വേഷത്തിൽ പ്രഭാസ് എത്തിയ ചിത്രത്തിൽ ‘സുമതി’ എന്ന കഥാപാത്രമായി ദീപികയും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായി കമൽഹാസനും ‘റോക്സി’യായി ദിഷാ പടാനിയുമാണ് വേഷമിട്ടത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്.