ക്രിസ്ത്യൻ ബ്രദേഴ്സിന് ശേഷം മോഹൻലാൽ-ശരത് കുമാർ ടീം വീണ്ടും ഒന്നിക്കുന്നു; സംവിധാനം ഭദ്രൻ!
2011 ഇൽ ജോഷി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്‌സ്. ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ക്രിസ്ത്യൻ ബ്രദേഴ്‌സ്. മോഹൻലാലിനൊപ്പം ദിലീപ്, സുരേഷ് ഗോപി, തമിഴ് നടൻ ശരത് കുമാർ എന്നിവരും ആ ചിത്രത്തിന്‍റെ താര നിരയുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഏഴു വർഷങ്ങൾക്കു ശേഷം ശരത് കുമാർ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോവുകയാണ്.
അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം തുടങ്ങുന്ന ഭദ്രൻ ചിത്രത്തിലാണ് മോഹൻലാലും ശരത് കുമാറും ഒരുമിച്ചു അഭിനയിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുക്കുന്ന, റോഡ് മൂവി വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഭദ്രൻ ഇത്തവണ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്നത്. ആക്ഷനും കോമെഡിയും റൊമാന്സും, ഫാമിലി ഡ്രാമയും ചേർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് ഭദ്രൻ അറിയിച്ചത്.
പ്രശസ്ത സൗത്ത് ഇന്ത്യൻ നടി രമ്യ കൃഷ്ണനും അതുപോലെ നടൻ സിദ്ദിക്കും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ തന്റെ നൂറു ദിവസമാണ് നൽകിയിരിക്കുന്നത്. കൂടുതലും കേരളത്തിന് പുറത്തു ചിത്രീകരിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് ഭദ്രൻ അറിയിച്ചു.
മോഹൻലാൽ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത് എന്നും ഭദ്രൻ പറഞ്ഞു. ഒരു സ്ഥലത്തും കൂടുതൽ സമയം തങ്ങാത്ത ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മനസ്സ് കൊണ്ട് നല്ലവനെങ്കിലും രൂപം കൊണ്ടും ഭാവം കൊണ്ടും വളരെ പരുക്കനും ശ്കതനുമായ ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുക.
ഒടിയൻ, അജോയ് വർമ്മ ഒരുക്കുന്ന ഡ്രാമ ത്രില്ലർ എന്നിവ പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ ഈ ഭദ്രൻ ചിത്രത്തിൽ ജോയിൻ ചെയ്യും. മോഹൻലാൽ അധികം റോഡ് മൂവീസ് ചെയ്തിട്ടില്ല. മോഹൻലാൽ അഭിനയിച്ച എടുത്തു പറയാവുന്ന അത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ ഒന്ന് ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം ആയിരുന്നു. ഒരു റോഡ് മൂവി പോലെ ഒരുക്കിയ ഇമോഷണൽ ത്രില്ലർ ആയിരുന്നു ഭ്രമരം. അതിലെ മിന്നുന്ന പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് വരെ അവസാന റൗണ്ടിൽ എത്തിയിരുന്നു മോഹൻലാൽ.