“നീ ആരാണെന്ന് ലോകം കാണാൻ പോകുന്നു”; അഭിനയ മികവ് കാട്ടാൻ ദുൽഖർ, ‘കാന്ത’ ടീസർ…

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യുടെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്തത്. ദുൽഖർ സൽമാന്റെ അഭിനയ സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ‘കാന്ത’ എന്ന സൂചന നൽകുന്നതാണ് ടീസർ ദൃശ്യങ്ങൾ. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം, രണ്ട് പ്രമുഖ കലാകാരന്മാർക്കിടയിൽ ഉടലെടുക്കുന്ന വലിയ സംഘർഷങ്ങളുടെ കഥയാണ് പറയുന്നതെന്ന് ടീസർ വ്യക്തമാക്കുന്നു.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ‘കാന്ത’ നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ സെൽവമണി സെൽവരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം കൂടിയാണിത്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലുള്ള ടീസറുകളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.
1950-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’യുടെ കഥ വികസിക്കുന്നത്. മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമ്മിച്ച വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണിത്. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’.
ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണവും, ഝാനു ചന്റർ സംഗീതവും, ലെവെലിൻ ആന്റണി ഗോൺസാൽവേസ് എഡിറ്റിംഗും, രാമലിംഗം കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പിആർഒ ശബരി.