“ക്ലൈമാക്സിൽ പങ്കെടുത്ത എത്രപേർക്ക് സസ്പെൻസ് മനസിലായി എന്ന് ഉറപ്പില്ല”, സിബിഐ 5നെ കുറിച്ച് കെ മധു

ക്ലൈമാസ് വരെ സസ്പെൻസ് നിലനിർത്തി കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമാ അനുഭവമാണ് മമ്മൂട്ടി – കെ മധു ടീമിന്റെ സിബിഐ സീരീസ് ചിത്രങ്ങൾ നൽകുക. അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ് ബ്രയിൻ’ എത്തുമ്പോളും പ്രേക്ഷകർ സസ്പെൻസും ത്രില്ലും ഒക്കെയാണ് പ്രതീക്ഷിക്കുന്നത്. സിബിഐ 5 ചിത്രീകരിക്കുമ്പോളും ചിത്രത്തിലെ സസ്പെൻസ് ഒക്കെ നിലനിർത്തി കൊണ്ട് ആണ് ടീം മുന്നോട്ട് പോയത്.
ചിത്രത്തിന്റെ കഥ സിനിമയിൽ പ്രവർത്തിച്ച വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ എന്നത് സിബിഐ 5 ലെ താരങ്ങളും അണിയറപ്രവർത്തകരും ഒക്കെ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോൾ ഇക്കാര്യത്തെ കുറിച്ച് സംവിധായകൻ കെ മധു ഒരു അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി. സിബിഐ സീരീസിലെ കഥകൾ ആരോടും തങ്ങൾ പറയാറില്ല എന്നും അത്തരത്തിൽ ചർച്ച ചെയ്യേണ്ടതായ ഒരു ചിത്രമല്ല ഇതെന്നും അദ്ദേഹം പറയുന്നു. കഥയറിയാതെ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് തങ്ങളിൽ ഉള്ള അപാരമായ വിശ്വാസം കൊണ്ട് ആണെന്നും കെ മധു കൂട്ടിച്ചേർക്കുന്നു. ക്ലൈമാക്സിന്റെ ഭാഗമായവരിൽ എത്ര പേർക്ക് സസ്പെൻസ് മനസിലായി എന്നത് തനിക്ക് ഉറപ്പില്ല എന്നും അദ്ദേഹം പറയുന്നു. കെ മധുവിന്റെ വാക്കുകൾ ഇങ്ങനെ:
“സിബിഐ സീരീസിന്റെ കഥകൾ ഞങ്ങൾ ആരോടും പറയാറില്ല. ഒരുമിച്ച് ചർച്ച ചെയ്യാവുന്ന സിനിമയല്ല ഇത്. സ്വാമിയുടെ ബുദ്ധിപരമായ തിരക്കഥയോട് പൂർണ്ണ നീതി കാണിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മമ്മൂട്ടിയുടെ നിർദ്ദേശങ്ങളും ഞങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. തുല്യ ഉത്തരവാദിത്തം അദ്ദേഹത്തിനും സിബിഐ സീരീസിൽ ഉണ്ട്.
ഞങ്ങൾ രണ്ടുപേർക്കും ശേഷം സിനിമയുടെ കഥ അറിയാവുന്നവർ മമ്മൂട്ടിയും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും രഞ്ജി പണിക്കരും ക്യാമറാമാൻ അഖിൽ ജോർജും അസോസിയേറ്റ് ഡയറക്ടറും ആണ്. ബാക്കിയുള്ള താരങ്ങൾ കഥയറിയാതെ ഈ സിനിമയിൽ അഭിനയിക്കാൻ കാരണം അവർക്ക് ഞങ്ങളിൽ അപാരമായ വിശ്വാസമുള്ളത് കൊണ്ടാണ്.
എപ്പോളത്തെ പോലെയും ക്ലൈമാക്സ് ഏറ്റവും കുറഞ്ഞ താരങ്ങളെയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ചിത്രീകരിച്ചത്. എന്നിട്ടും എത്ര പേർക്ക് സസ്പെൻസ് മനസിലാക്കാൻ കഴിഞ്ഞുവെന്ന് എനിക്ക് ഉറപ്പില്ല. സിബിഐ സിനിമകൾക്ക് ഒരു പ്രത്യേക താളം ഉണ്ട്, പുതുതലമുറയെ മനസ്സിൽ വച്ചുകൊണ്ട് ഞങ്ങൾ അത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.”